യു.ഇ.എയില്‍ അടുത്ത വര്‍ഷം വേതനവര്‍ദ്ധനവ് നടപ്പാക്കും; പ്രവാസികള്‍ക്ക് നേട്ടമുണ്ടാക്കാം!
ദുബായ്: യു.എ.ഇ തൊഴില് മേഖല നേട്ടത്തിലേക്കെന്ന് പ്രമുഖ അന്താരാഷ്ട്ര കണ്സള്ട്ടിംഗ് ഏജന്സിയായ മെര്സര്. അടുത്ത വര്ഷം ആരംഭത്തില് രാജ്യമൊട്ടാകെ വേതന വര്ദ്ധനവ് ഉണ്ടാകുമെന്നാണ് ഏജന്സിയുടെ നിഗമനം. ഏതാണ്ട് 4.8 ശതമാനം വേതന വര്ദ്ധനവ് പ്രതീക്ഷിക്കാമെന്ന് റിപ്പോര്ട്ടുകള് ചൂണ്ടിക്കാണിക്കുന്നു. പ്രവാസികള്ക്ക് ഇത് നേട്ടമാകുമെന്നാണ് സൂചന. ഓയില്, ഇതര ഊര്ജ്ജ മേഖലകള്, നിര്മ്മാണ മേഖല എന്നിവ നേട്ടത്തിലാകുമെന്ന് നേരത്തെ തന്നെ വാര്ത്തകള് പുറത്തു വന്നിരുന്നു.
ഇപ്പോള്‍ മെര്‍സര്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ലൈഫ് സയന്‍സ്, കണ്‍സ്യൂമര്‍ ഗുഡ്‌സ്, ഹൈടെക് ഇന്‍ഡസ്ട്രീസ് തുടങ്ങിയ മേഖലകളില്‍ ജോലിയെടുക്കുന്നവരുടെ വേതനത്തിലും 2019ഓടെ വലിയ മുന്നേറ്റമുണ്ടാകും. ഇന്ത്യയില്‍ നിന്നുള്ള നിരവധി പ്രവാസികള്‍ ഈ മേഖലകളില്‍ തൊഴിലെടുക്കുന്നുണ്ട്. അടുത്ത വര്‍ഷത്തോടെ രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സ്വകാര്യ മേഖലയില്‍ 100 ശതമാനം വിദേശ ഉടമസ്ഥതയില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ അനുവദിക്കുന്ന നിയമവും പാസായിട്ടുണ്ട്.
വിദേശ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ വരുന്നതോടെ കൂടുതല്‍ പ്രവാസികള്‍ക്ക് തൊഴിലവസരം ലഭിക്കാനാണ് സാധ്യത. കൂടാതെ യു.എ.ഇയിലേക്കുള്ള വിദേശ നിക്ഷേപകരുടെ എണ്ണവും വര്‍ദ്ധിക്കും. മറ്റു അറബ് രാജ്യങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ യു.എ.ഇയുടെ തൊഴില്‍ മേഖല കൂടുതല്‍ ശക്തമാണ്. ലക്ഷക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. സ്വദേശിവല്‍ക്കരണം യു.എ.ഇയിലെ പ്രവാസികളെ കൂടുതല്‍ ബാധിച്ചിട്ടില്ല.