കൊറോണയ്ക്കും തടയാനാവില്ല; സ്വര്‍ണ്ണവില 33,000 കടന്നു

സംസ്ഥാനത്ത് സ്വര്ണ്ണവില സര്വകാല റെക്കോര്ഡില്
 | 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില സര്‍വകാല റെക്കോര്‍ഡില്‍. ലോക്ക് ഡൗണില്‍ വ്യാപാരം നിലച്ചിരിക്കുകയാണെങ്കിലും സ്വര്‍ണ്ണവില 33,200 രൂപയില്‍ എത്തി. ഇന്ന് 400 രൂപയാണ് പവന് വര്‍ദ്ധിച്ചത്. ഗ്രാമിന് 50 രൂപ വര്‍ദ്ധിച്ച് 4150 രൂപയായി. ഏപ്രില്‍ 7നാണ് ഇതിന് മുന്‍പ് സ്വര്‍ണ്ണവില റെക്കോര്‍ഡില്‍ എത്തിയത്.

അന്ന് 32,800 രൂപയായിരുന്നു വില. മാര്‍ച്ച് 6ന് രേഖപ്പെടുത്തിയ 32,320 രൂപയായിരുന്നു ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് രേഖപ്പെടുത്തിയ ഏറ്റവും വലിയ നിരക്ക്. സുരക്ഷിത നിക്ഷേപമെന്നതാണ് സ്വര്‍ണ്ണത്തിന് ഇത്രയും വില വര്‍ദ്ധിക്കാന്‍ കാരണം.

രാജ്യത്ത് സ്വര്‍ണ്ണ ഇറക്കുമതി ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതും വില വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. 73 ശതമാനം കുറവാണ് സ്വര്‍ണ്ണ ഇറക്കുമതിയില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 93.24 ടണ്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്തിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ 25 ടണ്‍ മാത്രമാണ് ഇറക്കുമതി ചെയ്തത്.