സ്വര്‍ണ്ണവിലയില്‍ ഉച്ചയ്ക്ക് ശേഷം വീണ്ടും കുതിപ്പ്; പവന് വില പുതിയ റെക്കോര്‍ഡില്‍

വിപണിയെ അമ്പരപ്പിച്ച് സ്വര്ണ്ണവിലയില് വന് കുതിപ്പ്.
 | 

കൊച്ചി: വിപണിയെ അമ്പരപ്പിച്ച് സ്വര്‍ണ്ണവിലയില്‍ വന്‍ കുതിപ്പ്. സര്‍വകാല റെക്കോര്‍ഡിലായിരുന്ന സ്വര്‍ണ്ണവില ഉച്ചയ്ക്ക് ശേഷം വീണ്ടും വര്‍ദ്ധിച്ചു. രാവിലെ പവന് 29,440 രൂപയായിരുന്നത് ഉച്ചയ്ക്ക് ശേഷം 29,560 രൂപയായാണ് ഉയര്‍ന്നത്. പവന് 120 രൂപയാണ് ഇന്ന് രണ്ടാമതുണ്ടായ വര്‍ദ്ധന. ഗ്രാമിന് 15 രൂപയും ഉയര്‍ന്നു. രാവിലെ ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമായിരുന്നു വര്‍ദ്ധിച്ചത്.

കഴിഞ്ഞ സെപ്റ്റംബര്‍ നാലിന് രേഖപ്പെടുത്തിയ 29,120 രൂപയായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. ഇതാണ് ഒരു ദിവസം രണ്ട് തവണ തകര്‍ത്തത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില ട്രോയ് ഔണ്‍സിന് 1543 ഡോളറാണ്. ഇതിനൊപ്പം ഇന്ത്യന്‍ രൂപയുടെ മൂല്യം 35 പൈസയോളം ഇടിഞ്ഞ് 71.70ല്‍ എത്തിയിട്ടുമുണ്ട്. ഇറാന്‍ രഹസ്യ സേനാ മേധാവിയെ അമേരിക്ക വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതിനെത്തുടര്‍ന്നുണ്ടായ സാഹചര്യങ്ങളാണ് സ്വര്‍ണ്ണവില ഉയരാന്‍ കാരണം.

ഇതേത്തുടര്‍ന്ന് ലോകം യുദ്ധഭീതിയിലായത് സ്വര്‍ണ്ണ വില ഉയരാന്‍ കാരണമായിട്ടുണ്ട്. നിലവില്‍ ആഗോളതലത്തിലുള്ള സാമ്പത്തിക പ്രതിസന്ധി വീണ്ടും വഷളായേക്കാമെന്ന ആശങ്കയും സാമ്പത്തിക വിദഗ്ദ്ധര്‍ പങ്കുവെക്കുന്നുണ്ട്.