സാമ്പത്തിക പ്രതിസന്ധി; ജിഎസ്ടി വരുമാനം 19 മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍
ന്യൂഡല്‍ഹി: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ രാാജ്യത്തെ ജിഎസ്ടി വരുമാനത്തില് വന് ഇടിവ്. സെപറ്റംബറില്‍ 91,916 കോടി രൂപയാണ് ജിഎസ്ടി വരുമാനമായി ലഭിച്ചത്. ഓഗസ്റ്റില്‍ 98,202 കോടി രൂപ വരുമാനം ലഭിച്ച സ്ഥാനത്താണ് സെപ്റ്റംബറില്‍ ഇത്രയും ഇടിവുണ്ടായത്. കഴിഞ്ഞ 19 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 94,442 കോടിയായിരുന്നു ജിഎസ്ടി വരുമാനമായി ലഭിച്ചത്. ഉപഭോക്തൃ വിപണിയിലേക്ക് ചരക്കുകളും സേവനങ്ങളും എത്തുന്നത് ഗണ്യമായി കുറഞ്ഞു എന്നതിന്റെ സൂചനയാണ് ഇതെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എകസൈസ് ആന്‍ഡ് കസ്റ്റംസ മുന്‍ ഡയറക്ടര്‍ സുമിത് ദത്ത മജുംദാര്‍ പറഞ്ഞു.
ഒരു ലക്ഷം കോടി രൂപ എന്നതാണ് ജിഎസ്ടി കൗണ്‍സിലിന്റെ പ്രഖ്യാപിത വരുമാന ലക്ഷ്യം. അത് ഈ മാസവും നേടിയെടുക്കാന്‍ സാധിച്ചിട്ടില്ല. ഇത് സര്‍ക്കാരിന്റെ ചെലവാക്കലുകളെയും ബാധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി പ്രഖ്യപിച്ച ഉത്തേജന പദ്ധതികള്‍ക്ക് പണം കണ്ടെത്താനും ബുദ്ധിമുട്ട് നേരിട്ടേക്കും.