10 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം നികുതി; ആദായ നികുതി കുറഞ്ഞേക്കും

ന്യൂഡല്‍ഹി: 10 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി 10 ശതമാനം ആക്കിയേക്കും. നിലവില്‍ 20 ശതമാനമാണ് ഈ വരുമാന പരിധിയിലുള്ളവര്‍ നല്‍കേണ്ടി വരുന്നത്. 10 ലക്ഷം മുതല്‍ 20 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് നികുതി നിലവിലുള്ള 30 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കുറയ്ക്കാനും ശുപാര്‍ശയുണ്ട്. നിലവിലുള്ള ഇന്‍കം ടാക്സ് നിയമം പൊളിച്ചെഴുതാനായി കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് അംഗം അഖിലേഷ് രഞ്ജന്‍ അധ്യക്ഷനായി രൂപീകരിച്ച സമിതിയാണ് ഈ ശുപാര്‍ശകള്‍ നല്‍കിയിരിക്കുന്നത്.
2.50 ലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2.5 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെയുള്ളവര്‍ക്ക് നിലവില്‍ 5 ശതമാനമാണ് നികുതി. ഇതിനു മുകളില്‍ 10 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്കാണ് 10 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. 20 ലക്ഷം മുതല്‍ 2 കോടി വരെ വരുമാനമുള്ളവര്‍ക്ക് 30 ശതമാനമായിരിക്കും നികുതി. 2 കോടിയില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ചാര്‍ജ് ഒഴിവാക്കി 35 ശതമാനം നികുതി ചുമത്തും.
5 ലക്ഷം രൂപ വരെ നിലവില്‍ നികുതി റിബേറ്റ് നല്‍കിയിട്ടുണ്ട്. 5 ലക്ഷത്തില്‍ കൂടുതല്‍ വരുമാനം വന്നാല്‍ മാത്രമേ നികുതി ഈടാക്കുകയുള്ളു. പുതിയ നിരക്കുകള്‍ നടപ്പിലായാല്‍ ഇതില്‍ മാറ്റമുണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.