ജിയോ ഫൈബര്‍ സേവനങ്ങള്‍ പ്രഖ്യാപിച്ചു; തിയതി അറിയാം

റിലയന്സ് ജിയോയുടെ ഫൈബര് സേവനങ്ങള് പ്രഖ്യാപിച്ചു.
 | 
ജിയോ ഫൈബര്‍ സേവനങ്ങള്‍ പ്രഖ്യാപിച്ചു; തിയതി അറിയാം

മുംബൈ: റിലയന്‍സ് ജിയോയുടെ ഫൈബര്‍ സേവനങ്ങള്‍ പ്രഖ്യാപിച്ചു. റിലയന്‍സ് വാര്‍ഷിക യോഗത്തില്‍ മുകേഷ് അംബാനിയാണ് സേവനങ്ങള്‍ ആരംഭിക്കുന്ന തിയതി പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 5ന് ജിയോ ഫൈബര്‍ പ്രവര്‍ത്തനം ആരംഭിക്കും. ജിയോ മൊബൈല്‍ സര്‍വീസ് അവതരിപ്പിച്ചതിന്റെ മൂന്നാം വാര്‍ഷികത്തിലാണ് ഫൈബര്‍ എത്തുന്നത്.

ഒരു വര്‍ഷത്തിനുള്ളില്‍ ഫൈബര്‍ സര്‍വീസ് രാജ്യമൊട്ടാകെ വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 100 എംബിപിഎസ് മുതല്‍ 1 ജിബിപിഎസ് വരെയായിരിക്കും ജിയോ ഫൈബറിന്റെ വേഗത. ഒരു വര്‍ഷത്തെ പ്ലാന്‍ എടുക്കുന്നവര്‍ക്ക് എച്ച്ഡി ടിവിയോ, പിസി കമ്പ്യൂട്ടറോ സൗജന്യമായി നല്‍കുന്ന ഓഫറും അവതരിപ്പിച്ചിട്ടുണ്ട്. 4കെ സെറ്റ് ടോപ്പ് ബോക്‌സ് തീര്‍ത്തും സൗജന്യമായി നല്‍കും.

700 രൂപ മുതല്‍ 10000 രൂപ വരെയുള്ള പ്ലാനുകളാണ് ജിയോ ഫൈബര്‍ അവതരിപ്പിക്കുന്നത്. വോയ്‌സ് കോളുകള്‍ തീര്‍ത്തും സൗജന്യമായിരിക്കും. സിനിമകള്‍ റിലീസ് ദിവസം വീട്ടിലിരുന്ന് കാണാന്‍ കഴിയുന്ന സൗകര്യവും ഒരുക്കുന്നുണ്ട്. ഇത് അടുത്ത വര്‍ഷം മുതല്‍ നടപ്പിലാക്കും.

ലോകത്തെ ഏറ്റവും വലിയ ഫൈബര്‍ നെറ്റ് വര്‍ക്കായിരിക്കും ജിയോ അവതരിപ്പിക്കുന്നത്. ഭൂമിയെ 11 തവണ ചുറ്റാന്‍ വേണ്ടുന്ന ഫൈബര്‍ ശൃംഖല ഇതിനായി സ്ഥാപിച്ചിട്ടുണ്ടെന്ന് ജിയോ അറിയിച്ചു. ആദ്യ മൂന്ന് വര്‍ഷത്തില്‍ 7.5 കോടി വരിക്കാരെയാണ് ലക്ഷ്യമിടുന്നത്.