പായ്ക്കറ്റില്‍ ഹലാല്‍ ചിഹ്നമെന്ന് വ്യാജ പ്രചാരണം; ആശീര്‍വാദ് ആട്ടക്കെതിരെ ബഹിഷ്കരണത്തിന് സംഘി ആഹ്വാനം

കൊച്ചി: പായ്ക്കറ്റില്‍ ഹലാല്‍ ചിഹ്നം വെച്ചുവെന്ന ആരോപണം ഉന്നയിച്ച് ഐടിസിയുടെ ആശീര്‍വാദ് ആട്ടയ്ക്കെതിരെ ബഹിഷ്കരണത്തിന് സംഘി ആഹ്വാനം. ആശീര്‍വാദിന്റെ ഫെയിസ്ബുക്ക് പേജില്‍ മലയാളികളുടെ നേതൃത്വത്തിലാണ് ആക്രമണം നടക്കുന്നത്. ഹലാല്‍ ചിഹ്നം വെച്ചതിനാല്‍ ആട്ട വാങ്ങുന്നത് നിര്‍ത്തിയെന്നാണ് കമന്റുകളുമായെത്തിയ പലരും പറയുന്നത്. ഹലാല്‍ ഫുഡ് നിരോധിക്കണമെന്ന് വരെ കമന്റുകളുണ്ട്.


ആക്രമണത്തെ പ്രതിരോധിച്ചു കൊണ്ടും ചിലര്‍ കമന്റുകള്‍ ചെയ്യുന്നു. ഗള്‍ഫില്‍ ജോലി ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന പല പ്രൊഫൈലുകളും ഐടിസി ഉല്പന്നങ്ങള് വാങ്ങുന്നത് നിര്‍ത്തുകയാണെന്ന് കമന്റില്‍ പറയുന്നു. ഗള്‍ഫിലാണെങ്കില്‍ എല്ലാ പാക്കറ്റിലും ഹലാല്‍ മുദ്ര കാണുമെന്നാണ് അതിന് മറ്റൊരാള്‍ മറുപടിയായി പറഞ്ഞത്.

അതേസമയം പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കി ആശീര്‍വാദും രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് വില്‍ക്കുന്ന ആട്ട പാക്കറ്റുകളില്‍ ഹലാല്‍ മുദ്രയില്ലെന്നാണ് കമ്പനി അറിയിക്കുന്നത്. ഇന്ത്യക്ക് പുറത്തേക്ക് കയറ്റി അയക്കുന്ന പാക്കറ്റുകള്‍ ഏത് രാജ്യത്തേക്കാണോ അയക്കുന്നത്, അവിടുത്തെ നിയമങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ തയ്യാറാക്കാന്‍ സാധിക്കൂ എന്നും കമ്പനി വ്യക്തമാക്കി. അടുത്തുള്ള കടകളില്‍ പോയി പാക്കറ്റുകള്‍ പരിശോധിക്കാമെന്നും കമ്പനി അറിയിക്കുന്നു.