ടാറ്റ നാനോയുടെ നിര്മാണം അടുത്ത വര്ഷത്തോടെ നിര്‍ത്തിയേക്കും; സൂചനയുമായി ടാറ്റ മോട്ടോഴ്‌സ്
മുംബൈ: ലോകത്തെ ഏറ്റവും വിലകുറഞ്ഞ കാര് എന്ന പേരുമായി അവതരിപ്പിക്കപ്പെട്ട ടാറ്റ നാനോയുടെ നിര്മാണം അടുത്ത വര്ഷത്തോടെ നിര്ത്തിയേക്കും. ടാറ്റ മോട്ടോഴ്സ് ആണ് ഇതു സംബന്ധിച്ച് സൂചന നല്കിയത്. 2020 ഏപ്രിലില് നാനോയുടെ പത്തു വര്ഷം നീണ്ട പ്രയാണം അവസാനിച്ചേക്കുമെന്ന് ടാറ്റയുടെ പാസഞ്ചര് വെഹിക്കിള്സ് പ്രസിഡന്റ് മായങ്ക് പരീഖിന്റെ വാക്കുകള് സൂചിപ്പിക്കുന്നു.
അടുത്ത വര്‍ഷം നടപ്പിലാകുന്ന പുതിയ സുരക്ഷാ മാനദണ്ഡങ്ങളും മലിനീകരണ നിയന്ത്രണച്ചട്ടങ്ങളും പാലിക്കണമെങ്കില്‍ കൂടുതല്‍ നിക്ഷേപം നടത്തേണ്ടി വരും. വാഹനങ്ങളില്‍ ചിലതില്‍ കൂടുതല്‍ നവീകരണങ്ങള്‍ വരുത്താന്‍ കമ്പനി ഉദ്ദേശിക്കുന്നില്ലെന്ന് പരീഖ് പറഞ്ഞു. നാനോയും ഈ ശ്രേണിയില്‍ വരും. പരീഖിന്റെ ഈ വാക്കുകള്‍ നാനോയുടെ മരണമണിയാണെന്ന് വിലയിരുത്തപ്പെടുന്നു.
ഒരു ലക്ഷം രൂപ വില വരുന്ന ചെറിയ കാറായ നാനോ 2009ലാണ് ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ചത്. സാധാരണക്കാര്‍ക്കു വേണ്ടിയുള്ള ബജറ്റ് കാര്‍ എന്ന രത്തന്‍ ടാറ്റയുടെ സ്വപ്‌നമാണ് ഈ കാര്‍ എന്നായിരുന്നു കമ്പനി അവകാശപ്പെട്ടിരുന്നത്. ഇരുചക്ര വാഹനങ്ങളില്‍ നിന്ന് കാറുകളിലേക്ക് ചേക്കേറിക്കൊണ്ടിരുന്ന സാധാരണക്കാര്‍ ഈ കാറിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്.
എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് പലരും നാനോയെ കയ്യൊഴിഞ്ഞതോടെ വില്‍പന ഇടിഞ്ഞു. പിന്നീട് 2013ല്‍ പുതിയൊരു മോഡല്‍ പുറത്തിറക്കി വില്‍പന തിരിച്ചു പിടിക്കാന്‍ ടാറ്റ ശ്രമിച്ചെങ്കിലും നാനോയും ഇന്ത്യയിലെ മറ്റു ചെറിയ കാര്‍ മോഡലുകളും ക്രാഷ് ടെസ്റ്റുകളില്‍ പരാജയപ്പെടുകയായിരുന്നു.