കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വിപിഎസ് ഹെല്ത്ത്കെയര് ഗ്രൂപ്പ് നല്‍കുന്ന 100 ടണ്‍ അവശ്യവസ്തുക്കള്‍ ഇന്ന് കേരളത്തിലെത്തും
യുഎഇ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഡോ. ഷംഷീര് വയലില് നേതൃത്വം നല്കുന്ന ഹോസ്പിറ്റല് ശൃംഖലയായ വിപിഎസ് ഹെല്ത്ത്കെയര് ഗ്രൂപ്പ് പ്രളയബാധിത കേരളത്തിന്റെ പുനര്നിര്മാണത്തിനായി നല്കുന്ന സഹായത്തിന്റെ ആദ്യ ഗഡു ഇന്ന് തിരുവന്തപുരത്ത് എത്തും. നവകേരളം കെട്ടിപ്പെടുക്കുന്നതിനായി 50 കോടി രൂപയാണ് വിപിഎസ് ഹെല്ത്ത് കെയര് ഗ്രൂപ്പ് ചെയര്മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര് വയലില് നല്‍കുന്നത്.
ഇതിന്റെ ആദ്യ ഘട്ടം എന്ന നിലയില്‍ 12 കോടി രൂപ വിലമതിക്കുന്ന 100 ടണ്‍ അവശ്യവസ്തുക്കള്‍ അബുദാബിയില്‍ നിന്നും പ്രത്യേകം ചാര്‍ട്ട് ചെയ്ത ബോയിംഗ് 777 വിമാനത്തില്‍ സംസ്ഥാനത്ത് എത്തുക. ഇന്ന് (30 ആഗസ്റ്റ് വ്യാഴം) ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തുന്ന അവശ്യവസ്തുക്കള്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ ഏറ്റുവാങ്ങും.
പ്രളയം വിതച്ച ദുരന്തത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആയിരങ്ങള്‍ക്കുള്ള മരുന്നുകള്‍, വസ്ത്രങ്ങള്‍, വാട്ടര്‍ പ്യൂരിഫയര്‍, കുട്ടികള്‍ക്കും വൃദ്ധര്‍ക്കുമായുള്ള ഡയപ്പര്‍, സ്ത്രീകള്‍ക്കുള്ള സാനിറ്ററി പാഡ്, ഭക്ഷ്യവസ്തുക്കള്‍ എന്നിവ അടങ്ങിയ 100 ടണ്‍ അവശ്യ വസ്തുക്കളാണ് വ്യാഴായ്ച തിരുവനന്തപുരത്ത് എത്തിക്കുന്നത്.
തിരുവനന്തപുരം ജില്ലാ കളക്ടര്‍ വാസുകിയുടെ പേരിലാണ് അബുദാബിയില്‍ നിന്നുള്ള കണ്‍സയ്ന്‍മെന്റ് എത്തുന്നത്. അടുത്ത ഘട്ടത്തില്‍ നടപ്പിലാക്കേണ്ട പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സഹായം സര്‍ക്കാരും ഉന്നത ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ആലോചിച്ചതിന് ശേഷം വേഗത്തില്‍ നല്‍കുന്നതാണെന്ന് വിപിഎസ് ഹെല്ത്ത്കെയര് ഗ്രൂപ്പ് അറിയിച്ചു.