18 രൂപയ്ക്ക് ഒരുമണിക്കൂര്‍ അണ്‍ലിമിറ്റഡ് ഡേറ്റ; അതിശയിപ്പിക്കുന്ന ഓഫറുമായി വോഡഫോണ്‍
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ വെല്ലുവിളി നേരിടാന്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിക്കുന്നതില്‍ മൊബൈല്‍ സേവനദാതാക്കള്‍ മത്സരത്തിലാണ്. അവയില്‍ അതിശയിപ്പിക്കുന്ന ഓഫറുമായാണ് വോഡഫോണ്‍ രംഗത്തെത്തിയിരിക്കുന്നത്. സൂപ്പര്അവര് എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന പുതിയ പദ്ധതിയില്‍ 18 രൂപയ്ക്ക് ഒരുമണിക്കൂര്‍ അണ്‍ലിമിറ്റഡ് 3ജി, 4ജി ഡേറ്റ ലഭിക്കും.
പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുന്നത്. ഏഴു രൂപയ്ക്ക് ഒരു മണിക്കൂര്‍ അണ്‍ലിമിറ്റഡ് വോയ്സ് കോള്‍ സൗകര്യവും വോഡഫോണ്‍ ഇതിനൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. ദിവസം എത്ര തവണ വേണമെങ്കിലും ഈ ഓഫര്‍ ചെയ്യാമെന്നതാണ് പ്രധാന പ്രത്യേകത. ഡേറ്റയ്ക്ക് അടിസ്ഥാന നിരക്ക് 16 രൂപയാണെങ്കിലും സര്‍ക്കിളുകള്‍ക്ക് അനുസരിച്ച് ഇത് വ്യത്യാസപ്പെടാം. കേരളത്തില്‍ 18 രൂപയാണ് ഈടാക്കുന്നത്.
ഇന്ന് ആരംഭിച്ച ഓഫര്‍ 9-ാം തിയതിയോടെ എല്ലാ സര്‍ക്കിളുകളിലും ലഭ്യമാകും. 2ജി യൂസര്‍മാര്‍ക്കായി അഞ്ച് രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡേറ്റ നല്കുന്ന ഓഫറും വോഡഫോണ്‍ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ ഓഫറുകള്‍ വഴി യൂസര്‍മാര്‍ക്ക് വോഡഫോണ്‍ പ്ലേയിലെ വീഡിയോകളും സിനിമകളും കാണാനാവും.
മാര്‍ച്ച് 31 വരെ വൊഡാഫോണ്‍ പ്ലേ സബ്സ്ക്രിപ്ഷന് സൗജന്യമാണ്. എന്നാല്‍ ബീഹാര്‍-ജാര്‍ഖണ്ഡ്, മധ്യപ്രദേശ്-ഛത്തീസ്ഗഡ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്-ജമ്മു കശ്മീര്‍, ആന്ധ്രാപ്രദേശ് – തെലങ്കാന സര്‍ക്കിളുകളില്‍ പുതിയ ഓഫര്‍ ലഭ്യമാകില്ലെന്നും വോഡഫോണ്‍ അറിയിച്ചു.