പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

 | 
OOmmen Chandy

മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎൽഎയുമായ ഉമ്മൻചാണ്ടിയുടെ നിര്യാണത്തെത്തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വോട്ടെടുപ്പ് സെപ്റ്റംബർ 5ന് നടക്കും. സെപ്റ്റംബർ 8നാണ് വോട്ടെണ്ണൽ. ഉപതെരഞ്ഞെടുപ്പിനായി മുന്നണികൾ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനായിരിക്കും യുഡിഎഫ് സ്ഥാനാർത്ഥിയെന്നാണ് റിപ്പോർട്ടുകൾ.

ഉമ്മൻ ചാണ്ടിക്കെതിരെ കഴിഞ്ഞ രണ്ടു തവണ മത്സരിച്ച ജെയ്ക് സി തോമസായിരിക്കും എൽഡിഎഫ് സ്ഥാനാർത്ഥിയെന്നും സൂചനകളുണ്ട്. സഹതാപ തരം​ഗമുണ്ടെങ്കിലും വാശിയേറിയ തെരഞ്ഞെടുപ്പായിരിക്കും പുതുപ്പള്ളിയിൽ നടക്കുക. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഓഗസ്റ്റ് 17 ആണ് നിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി, 18ന് സൂക്ഷ്മപരിശോധന നടക്കും. ഓ​ഗസ്റ്റ് 21 ആണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയതി. 

പുതുപ്പള്ളി കൂടാതെ ഉത്തർപ്രദേശ്, പശ്ചിമബം​ഗാൾ, ത്രിപുര, ഝാർഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.