സംസ്ഥാനത്ത് സെന്‍റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മൈക്രോബയോം സ്ഥാപിക്കാൻ മന്ത്രിസഭാ തീരുമാനം
സംസ്ഥാനത്ത് സെന്‍റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മൈക്രോബയോം സ്ഥാപിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയുടെ പിന്തുണയോടെയും പങ്കാളിത്തത്തോടെയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിലാണ് ഇത് സ്ഥാപിക്കുക. കേരള ഡവലപ്‌മെൻ്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ സമർപ്പിച്ച വിശദ പദ്ധതി രേഖ അംഗീകരിച്ചാണ് ഭരണാനുമതി നൽകിയത്.
മൈക്രോ ബയോളജി എന്ന ശാസ്ത്ര ശാഖയ്ക്ക് പുതിയ വീക്ഷണം പ്രദാനം ചെയ്യുന്ന നൂതന ശാസ്ത്ര മേഖലയാണ് മൈക്രോബയോം റിസർച്ച്. ഒരേ പരിതസ്ഥിതിയിൽ ഒരുമിച്ച് ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സൂക്ഷ്മാണു വ്യവസ്ഥയെ കുറിച്ചുള്ള പഠനമാണ് മൈക്രോബയോം റിസർച്ച്.
സെന്‍റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മൈക്രോബയോമിൻ്റെ പ്രവർത്തനത്തിനായി താൽക്കാലികാടിസ്ഥാനത്തിൽ തസ്തികകൾ സൃഷ്ടിക്കും. രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയിൽ നിന്ന് വിരമിച്ച ഡോ.സാബു തോമസിനെ ആദ്യ ഡയറക്ടറായി 3 വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കും. കമ്പനിയായി രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുന്നതിന് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനെ ചുമതലപ്പെടുത്തി. മൈക്രോബയോമിൻ്റെ ഭരണ വകുപ്പായി കേരള സർക്കാരിന്റെ സയൻസ് ആൻഡ് ടെക്നോളജി വകുപ്പിനെ തീരുമാനിച്ചു.