കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഭാര്യയും വേർപിരിയുന്നു

 | 
canada

ടൊറന്റോ: വിവാഹ മോചിതരാകാൻ തീരുമാനിച്ചുവെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഭാര്യ സോഫിയും ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. കഠിനവും അർഥവത്തുമായ സംഭാഷണങ്ങൾക്കൊടുവിൽ ഞങ്ങൾ പിരിയാൻ തീരുമാനിച്ചെന്ന കുറിപ്പ് ഇരുവരും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുവരെ ആയിരുന്നതുപോലെ ഇനിയും അഗാധ സ്‌നേഹത്തിലും ബഹുമാനത്തിലും തുടരും.

അൽപ്പം പ്രയാസമേറിയതും എന്നാൽ അർത്ഥവത്തായതുമായ സംഭാഷണങ്ങൾക്കൊടുവിലാണ് തങ്ങൾ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. നിയമപരമായ വേർപിരിയൽ കരാറിൽ ഇരുവരും ഒപ്പുവെച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. കുട്ടികളെ വിചാരിച്ച് തങ്ങളുടേയും അവരുടേയും സ്വകാര്യത മാനിക്കണമെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിലുണ്ട്.
 
2005ലാണ് ട്രൂഡോയും സോഫിയും വിവാഹിതരാകുന്നത്. മൂന്ന് മക്കളാണ് ഇവർക്കുള്ളത്. 15 വയസ്സുള്ള സേവ്യർ, 14 വയസ്സുള്ള എല്ല ഗ്രേസ്, 9 വയസ്സുള്ള ഹാഡ്രിയൻ എന്നിവരാണ് മൂന്ന് മക്കൾ. വിവാഹബന്ധം വേർപിരിയുകയാണെങ്കിലും ട്രൂഡോയും സോഫിയും കുട്ടികളെ സ്‌നേഹമുള്ള സഹകരണത്തിന്റെ അന്തരീക്ഷത്തിൽ വളർത്തുന്നതിൽ വളരെ ജാഗ്രത പുലർത്തും. അടുത്ത ആഴ്ച മുതൽ അവധിക്കാലത്ത് കുടുംബം ഒരുമിച്ചായിരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.