ക്രിസ്തുമത വിശ്വാസിയായിരുന്നെങ്കില്‍ പിണറായി മെത്രാനെങ്കിലും ആയേനെയെന്ന് കര്‍ദിനാള്‍ ആലഞ്ചേരി

 | 
Alacheri

ക്രിസ്തുമത വിശ്വാസിയായിരുന്നെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു മെത്രാനെങ്കിലും ആയേനെയെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷ വേദിയിലാണ് കര്‍ദിനാളിന്റെ പരാമര്‍ശം. മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷമായിരുന്നു ആലഞ്ചേരി സംസാരിച്ചത്.

ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ഭൂമിയിലെ ജീവിതത്തെ മെച്ചപ്പെടുത്താനുള്ള ഉപാധിയായി കൂടി ആത്മീയ ജിവിതത്തെ കാണുന്ന ഞറളക്കാട്ട് പിതാവിന്റെ രീതി മാതൃകാപരമാണെന്ന് പിണറായി പറഞ്ഞു. ആര്‍ച്ച് ബിഷപ്പിന്റെ വൈദിക ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചാക്രിക സന്ദേശത്തിന്റെ ഉള്ളടക്കവും ഉദ്ധരിച്ചു.

മുഖ്യമന്ത്രിയുടെ പ്രസംഗത്തെക്കുറിച്ചായിരുന്നു തുടര്‍ന്ന് ആലഞ്ചേരി തന്റെ പ്രസംഗത്തിന്റെ തുടക്കത്തില്‍ പറഞ്ഞത്. 'ഇന്ന് മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടപ്പോള്‍ ഞാനിരുന്ന് ചിന്തിക്കുകയായിരുന്നു.. അദ്ദേഹം ഒരു ക്രൈസ്തവ വിശ്വാസിയായിരുന്നെങ്കില്‍ മെത്രാനായിട്ട് തീര്‍ച്ചയായും മാറുമായിരുന്നു' എന്നാണ് ആലഞ്ചേരി പറഞ്ഞത്. എന്നാല്‍ ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ പിണറായി സ്റ്റേജ് വിട്ടിരുന്നു.