നടിയെ ആക്രമിച്ച കേസ്; സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴിയെടുക്കാന്‍ അനുമതി

നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളില്‍ രഹസ്യമൊഴി എടുക്കാന്‍ അനുമതി. വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയെടുക്കാന്‍ എറണാകുളം സിജെഎം കോടതിയാണ് അനുമതി നല്‍കിയത്. 164-ാം വകുപ്പ് അനുസരിച്ച് മജിസ്‌ട്രേറ്റിന് മുന്നിലായിരിക്കും മൊഴി നല്‍കുക. ഇതിനായി ബാലചന്ദ്രകുമാറിന് സമന്‍സ് അയച്ച് തിയതി തീരുമാനിക്കും.
വിചാരണ തടസപ്പെടുത്താനും കേസ് അട്ടിമറിക്കാനും ദിലീപും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചതായാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. ഇതിന്റെ ശബ്ദരേഖകള്‍ അടക്കം പുറത്തു വന്നിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ കണ്ടിട്ടുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടന്നതായും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
കേസിലെ പുതിയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ വിചാരണ നീട്ടണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രതികളായ ദിലീപിനെയും പള്‍സര്‍ സുനിയെയും വീണ്ടും ചോദ്യം ചെയ്യാനും നീക്കമുണ്ട്.