നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതിക്ക് എതിരായ പ്രോസിക്യൂഷന്‍ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

 | 
high court

നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതിക്ക് എതിരെ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി. ഹര്‍ജിയില്‍ ജനുവരി 6ന് വിശദമായ വാദം കേള്‍ക്കും. 16 സാക്ഷികളെ പുനര്‍വിസ്താരം നടത്തണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് നോട്ടീസ് അയച്ചു.
 
16 പേരില്‍ ഏഴുപേര്‍ നേരത്തേ സാക്ഷി പറഞ്ഞവരാണ്. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടണമെന്നും 9 പേരില്‍ നിന്ന് പുതുതായി വിശദീകരണം തേടണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍ ഈ പട്ടിക അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന കോടതി മൂന്നു പേരുടെ പുനര്‍വിസ്താരത്തിന് അനുമതി നല്‍കിയിരുന്നു. രണ്ടുപേരെ വിളിച്ചുവരുത്താനും ഒരാളെ പുതുതായി സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനും കോടതി അനുമതി നല്‍കി. എന്നാല്‍ ഇത് പോരെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.

സമര്‍പ്പിച്ച പട്ടികയിലുള്ളവരുടെ വിസ്താരം കേസില്‍ പ്രധാനപ്പെട്ടതാണെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളുടെ ഫോണ്‍വിളികളുടെ യഥാര്‍ഥ രേഖകള്‍ വിളിച്ചുവരുത്തണമെന്ന ആവശ്യവും ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യവും വിചാരണക്കോടതി തള്ളിയിരുന്നു.

പ്രതികളുടെ ഫോണ്‍ സംഭാഷണങ്ങളുമായി ബന്ധപ്പെട്ട് ടെലിഫോണ്‍ കമ്പനികള്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് അംഗീകരിക്കരുതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതേത്തുടര്‍ന്ന് യഥാര്‍ത്ഥ രേഖകള്‍ കോടതിയില്‍ വിളിച്ചു വരുത്താന്‍ പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിയെങ്കിലും കോടതി ഇത് തള്ളിയിരുന്നു.

കോടതിയുടെ ഈ നടപടി പ്രോസിക്യൂഷന്റെ നിര്‍ണായകവാദത്തെ അപ്രസക്തമാക്കുന്നതാണെന്നും അഡീഷണല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ സര്‍ക്കാരിനുവേണ്ടി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.