നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് ആറു മാസം വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം തള്ളി വിചാരണക്കോടതി
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് ആറു മാസം വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം വിചാരണക്കോടതി തള്ളി. അന്വേഷണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 1ന് മുന്‍പായി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം ഈ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. അന്വേഷണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുന്നത്. ബാലചന്ദ്രകുമാറിന് പുറമേ സംവിധായകന്‍ ബൈജു കൊട്ടാരക്കരയും ദിലീപിനെതിരെ രംഗത്തെത്തിയിരുന്നു. ദിലീപിന്റെ ഐടി സഹായിയായിരുന്ന സലീഷിന്റെ അപകട മരണത്തില്‍ ഇവരുന്നയിച്ച സംശയത്തെ തുടര്‍ന്ന് അന്വേഷണം വേണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.
ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും അന്വേഷണം പുരോഗമിക്കുകയാണ്.