'അയോധ്യാ വിധിയിലെ ആഘോഷം'; വിവാദത്തില്‍ ന്യായീകരണവുമായി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്

 | 
Ranjan Gogoi

അയോധ്യാ വിധിയിലെ ആഘോഷമെന്ന പേരില്‍ വിധി പ്രസ്താവിച്ച സുപ്രീം കോടതി ജഡ്ജിമാരുടെ ചിത്രം ആത്മകഥയില്‍ നല്‍കിയതിനെ ന്യായീകരിച്ച് മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. അയോധ്യയില്‍ ബാബറി മസ്ജിദ് പൊളിച്ച് രാമക്ഷേത്രം സ്ഥാപിക്കാനുള്ള വിധി പുറപ്പെടുവിച്ച ബെഞ്ചിലെ അംഗങ്ങള്‍ക്കൊപ്പം പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തിയ പാര്‍ട്ടിയുടെ ചിത്രങ്ങളാണ് ഗോഗോയ് ആത്മകഥയില്‍ നല്‍കിയത്. ചരിത്ര പ്രധാനമായ അയോധ്യാ വിധിയിലെ ആഘോഷം എന്ന അടിക്കുറിപ്പായിരുന്നു ചിത്രത്തിന് നല്‍കിയത്.

എന്നാല്‍ തങ്ങള്‍ ആഘോഷിച്ചത് വിധിപ്രസ്താവത്തെ ആയിരുന്നില്ലെന്നാണ് ഗോഗോയ് എന്‍ഡിടിവി അഭിമുഖത്തില്‍ പറഞ്ഞത്. അയോധ്യ കേസില്‍ ബഞ്ചിലെ ഓരോ ജഡ്ജിമാരും നാലു മാസത്തോളം കഠിനമായി അധ്വാനിക്കുകയായിരുന്നു. അപ്പോള്‍ വിധിക്ക് ശേഷം ഒരു ഇടവേളയെടുത്തതാണ്. അനുവദനീയമല്ലാത്തതൊന്നും തങ്ങള്‍ ചെയ്തിട്ടില്ലല്ലോ എന്നും ഗോഗോയ് ചോദിച്ചു. ഇത്തരമൊരു വിധിയില്‍ ആഘോഷം നടത്തുന്നത് ഉചിതമാണോ എന്ന ചോദ്യത്തിന് മറുപടിയായാണ് പ്രതികരണം.

ജസ്റ്റിസ് ഫോര്‍ ജഡ്ജസ് എന്ന പേരിലാണ് ഗോഗോയിയുടെ ആത്മകഥ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അയോധ്യ ബെഞ്ചിലെ അംഗവും ഗോഗോയ്ക്ക് ശേഷം ചീഫ് ജസ്റ്റിസുമായ എസ്.എ.ബോബ്‌ഡെ ഉള്‍പ്പെടെയുള്ളവര്‍ ആത്മകഥയിലെ വിവാദ ചിത്രത്തില്‍ ഗോഗോയിക്കൊപ്പമുണ്ട്. അയോധ്യ വിധി പ്രസ്താവിച്ച അന്ന് വൈകിട്ട് ബെഞ്ചിലെ എല്ലാ ജഡ്ജുമാരുമായി താജ് മാന്‍സിംഗ് ഹോട്ടലില്‍ എത്തി. അവിടെ ലഭിക്കുന്ന ഏറ്റവും മുന്തിയ വൈന്‍ പങ്കുവെച്ചു. ചൈനീസ് ഫുഡ് കഴിച്ചു എന്നാണ് ഗോഗോയ് എഴുതിയിരിക്കുന്നത്.