പാൻഡോര പേപ്പറിൽ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു; നേതൃത്വം കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ചെയർമാന്

 | 
pandora papers

കള്ളപ്പണം സംബന്ധിച്ച പാൻഡോര പേപ്പർ  വെളിപ്പെടുത്തലുകളിൽ കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ചെയർമാൻ ജെ.ഡി മോഹാപാത്രയുടെ  നേതൃത്വത്തിലായിരിക്കും അന്വേഷണം. റിസർവ് ബാങ്ക്,  ഇഡി ,ഫിനാൻഷ്യൽ ഇൻറലിജൻസ് യൂണിറ്റുകളുടെ പ്രതിനിധികളും  അന്വേഷണ സംഘത്തിൽ ഉണ്ടാകും. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രമുഖരുടെ  നിക്ഷേപത്തെ കുറിച്ച് വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തക കൂട്ടായ്മയുടെ അറിയിപ്പ്. ഇന്ത്യക്കാരായ മുന്നൂറിലധികം പേരുടെ നിക്ഷേപങ്ങളുടെ വിവരങ്ങള്‍ പാൻഡോര പേപ്പറിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മാധ്യമപ്രവർത്തകരുടെ അന്താരാഷ്ട്ര കൂട്ടായ്മ നടത്തിയ അന്വേഷണത്തിലാണ് ലോക നേതാക്കള്‍ ഉള്‍പ്പെട്ട കള്ളപ്പണ നിക്ഷേപത്തിന്‍റെ വിവരങ്ങള്‍ പുറത്ത് വന്നത്. ഇന്ത്യയിൽ നിന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍, അനില്‍ അംബാനി, വിനോദ് അദാനി ഉള്‍പ്പടെയുള്ളവരുടെ നിക്ഷേപങ്ങളെ കുറിച്ചും പാൻ‍‍‍ഡോര പേപ്പറിലുണ്ട്.

ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേണലിസവും വിവിധ മാധ്യമങ്ങളും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടില്‍ 12 ദശലക്ഷം രേഖകളാണുള്ളത്. ഭൂരിഭാഗവും രാഷ്ട്രത്തലവന്‍മാരുടേയും പ്രമുഖ വ്യക്തികളുടെയുമാണ്. ജോര്‍ദാന്‍ രാജാവിന് യുഎസിലും യുകെയിലുമുള്ള 700 കോടി ഡോളറിന്റെ  സമ്പാദ്യം, ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലയറും ഭാര്യയും നടത്തിയ നികുതി വെട്ടിപ്പ്, റഷ്യന്‍ പ്രസിഡന്റ വ്‌ലാഡ്മിര്‍ പുടിന് മൊണോക്കോയിലുള്ള  നിക്ഷേപങ്ങള്‍ എല്ലാം രേഖകളിലുണ്ട്.

യുകെ കോടതിയില്‍ പാപ്പരാണെന്ന് അപേക്ഷ നല്‍കിയ അനില്‍ അംബാനിക്ക് കള്ളപ്പണം വെളുപ്പിക്കാനായി ഉണ്ടായിരുന്നത് 18 കമ്പനികളെന്നാണ് പാൻഡോര പേപ്പറിലുള്ളത്. നീരവ് മോദി ഇന്ത്യ വിടുന്നതിന് മുന്‍പ് ഒരു മാസം മുൻപ്  സഹോദരി പൂർവി മോദി ഒരു ട്രസ്റ്റ് രൂപികരിച്ച് കള്ളപ്പണം നിക്ഷേപിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി 2018 ല്‍ ബ്രിട്ടീഷ് വിര്‍ജിൻ ഐലന്‍റിലെ കമ്പനിയുടെ ഡയറക്ടറും അൻപതിനായിരം ഓഹരികളുടെ ഉടമയുമാണെന്നും പാൻ‍ഡോര പേപ്പർ പറയുന്നു.