പെഗാസസില്‍ കേന്ദ്രത്തിന് തിരിച്ചടി; സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കും
പെഗാസസില്‍ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീം കോടതി. കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. ഇതിനായി വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്റെ അധ്യക്ഷതയില്‍ വിദഗ്ദ്ധ സമിതി രൂപീകരിച്ചു. ഭരണഘടനാ തത്വങ്ങള്‍ ഉയത്തിപ്പിടിക്കാനാണ് ശ്രമമെന്ന് പരാമര്‍ശിച്ചാണ് കോടതി നടപടി. ഇസ്രയേല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് രാജ്യത്ത് പലരുടെയും ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
സ്വകാര്യത കാത്തുസൂക്ഷിക്കണമെന്ന് കോടതി പറഞ്ഞു. രാജ്യസുരക്ഷയെക്കുറിച്ച് പറഞ്ഞ് എല്ലാ ആരോപണങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും ദേശസുരക്ഷയെ ഹനിക്കുന്ന സാങ്കേതികവിദ്യ വേണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കണമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്.
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജിയുടെയോ വിരമിച്ച ജഡ്ജിയുടെയോ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന മാധ്യപ്രവര്‍ത്തകരായ എന്‍. റാമും ശശികുമാറും രാജ്യസഭാംഗമായ ജോണ്‍ ബ്രിട്ടാസും നല്‍കിയ ഹര്‍ജിയിലാണ് വിധി. ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തിയതിനെ സര്‍ക്കാര്‍ ശരിവെക്കുകയോ തള്ളുകയോ ചെയ്യുന്നില്ലെന്ന് ജോണ്‍ ബ്രിട്ടാസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വിവരം ചോര്‍ത്തിയത് കേന്ദ്ര സര്‍ക്കാരാണെങ്കിലും വിദേശ ഏജന്‍സിയാണെങ്കിലും അന്വേഷിച്ച് കണ്ടെത്തണം. സര്‍ക്കാരാണ് അത് ചെയ്തതെങ്കില്‍ അനധികൃതമായാണ് നടത്തിയത്. വിദേശ ഏജന്‍സിയാണെങ്കില്‍ ബാഹ്യശക്തിയുടെ ഇടപെടലായിക്കണ്ട് അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ കോടതിയില്‍ വിശദീകരണം നല്‍കാനാവില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.