കേന്ദ്ര നിരീക്ഷകർ എംഎൽഎമാരെ കണ്ടു; തീരുമാനം എഐസിസിക്ക്
മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ എംഎല്‍എമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും ഘടകകക്ഷികളുടെയും മനസ്സറിഞ്ഞ ശേഷം എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്നിക്കും ഇന്നു ഡല്‍ഹിക്കു മടങ്ങും. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ക്കു ശേഷം ഹൈക്കമാന്‍ഡ് കേരളത്തില്‍നിന്നുള്ള നേതാക്കളെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചു കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ഇന്നു നടന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ അജയ് മാക്കനും മുകുള്‍ വാസ്നിക്കും പങ്കെടുത്തിരുന്നു. നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കാനുള്ള പൂര്‍ണ അധികാരം എഐസിസി പ്രസിഡന്റിന് നല്‍കിക്കൊണ്ടുള്ള പ്രമേയം യോഗം ഏകകണ്ഠമായി പാസാക്കിയതായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. കെപിസിസി പ്രസിഡന്റ് അവതരിപ്പിച്ച പ്രമേയത്തെ വി.ഡി. സതീശന്‍ പിന്താങ്ങി. പ്രമേയം ഇതിനോടകം തന്നെ എഐസിസിക്ക് ഔദ്യോഗികമായി കൈമാറിയിട്ടുണ്ട്.
തുടര്‍ന്ന് 63 എംഎല്‍എമാരുമായും ഒറ്റയ്‌ക്കൊറ്റയ്ക്കു കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാദാസ് മുന്‍ഷിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കെ.സുധാകരന്‍, വി.എം.സുധീരന്‍, കൊടിക്കുന്നില്‍ സുരേഷ്, പി.ജെ.കുര്യന്‍ തുടങ്ങി പ്രമുഖ നേതാക്കളുമായും നിരീക്ഷകര്‍ കൂടിക്കാഴ്ച നടത്തി. 2021ല്‍ ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നു മാറ്റിയ രീതി ആവര്‍ത്തിക്കരുതെന്നും മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയായി ആരെ തീരുമാനിച്ചാലും ബാക്കി ഉള്ളവരെ കൂടി ബോധ്യപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. എംഎല്‍എമാരുടെ പിന്തുണയ്ക്കു പുറമേ മറ്റു പല കാര്യങ്ങളും പരിഗണിക്കപ്പെടുമെന്നാണ് ദേശീയ നേതൃത്വം വ്യക്തമാക്കുന്നത്. ഘടകകക്ഷി നേതാക്കളുമായും നിരീക്ഷകര്‍ കൂടിക്കാഴ്ച നടത്തി.
സതീശനെ അനുകൂലിക്കുന്ന നിലപാടാണ് മുസ്‍ലിം ലീഗ് സ്വീകരിച്ചതെന്നാണു സൂചന. പാര്‍ട്ടിയുടെ അഭിപ്രായം നിരീക്ഷകരെ അറിയിച്ചെന്നും കൂടുതലൊന്നും പറയാനില്ലെന്നുമാണ് പി.കെ.കുഞ്ഞാലിക്കുട്ടി കൂടിക്കഴ്ചയ്ക്കു ശേഷം പറഞ്ഞത്. നേരത്തെ, മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ സതീശന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും ചര്‍ച്ചയായതോടെ മയപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കെ.എം.ഷാജി എംഎല്‍എ സതീശന് അനുകൂലമായി പ്രസ്താവന നടത്തിയിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രത്യേകിച്ച് ആരുടെയും പേര് നിര്‍ദേശിച്ചിട്ടില്ലെന്നും കേരളത്തിലെ ജനവികാരം കണക്കിലെടുത്തു വേണം ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കാനെന്നുമാണ് ജോസഫ് വിഭാഗത്തിന്റെ പക്ഷം. ഹൈക്കമാന്‍ഡ് കൈക്കൊള്ളുന്ന ഏത് തീരുമാനവും അംഗീകരിക്കാന്‍ തങ്ങള്‍ തയാറാണെങ്കിലും ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കും വികാരങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന ഒരു മുഖ്യമന്ത്രിയാണ് വരേണ്ടതെന്ന് പി.ജെ.ജോസഫ് കൂടിക്കാഴ്ചയ്ക്കു ശേഷം പറഞ്ഞു. തന്റെ നിലപാട് നിരീക്ഷകരോട് വ്യക്തമാക്കിയെന്നും എന്നാല്‍ അത് പുറത്തുപറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ പൊതുവായ സാഹചര്യങ്ങളെക്കുറിച്ചുള്ള തന്റെ അഭിപ്രായം നിരീക്ഷകരെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാന്‍ഡ് ആരെ തീരുമാനിച്ചാലും സ്വീകാര്യമാണെന്നാണ് ആര്‍എസ്പിയുടെ നിലപാട്.
