വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാനാവില്ലെന്നു കേന്ദ്രം, കാരുണ്യമല്ല തേടുന്നതെന്നു ഹൈക്കോടതി

'സഹായിക്കാൻ കഴിയില്ലെങ്കിൽ തുറന്നു പറയൂ'
 | 
wayanad landslide

വയനാട് ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാനാവില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. പ്രകൃതിദുരന്തങ്ങൾ നേരിട്ട മറ്റു സംസ്ഥാനങ്ങൾക്ക് ആവശ്യത്തിനു സഹായം നൽകുമ്പോൾ കേരളത്തോടു കാണിക്കുന്ന ചിറ്റമ്മ നയം അനുവദിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കേന്ദ്ര നിലപാട് അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും സഹായിക്കാൻ കഴിയില്ലെങ്കിൽ അതു തുറന്നു പറയാനുള്ള ധൈര്യം കാട്ടണമെന്നും കോടതി വിമർശിച്ചു. 

വയനാട് ദുരന്തത്തിൽപ്പെട്ടവരുടെ വായ്പ എഴുതിത്തള്ളുന്നത് ധനമന്ത്രാലയത്തിന്റെ അധികാരപരിധിക്കു പുറത്താണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്ന് അറിയിച്ചിരുന്നു. ബാങ്കുകളുടെ വാണിജ്യപരവും പ്രവൃത്തിപരവുമായ തീരുമാനങ്ങളിൽ ഇടപെടില്ലെന്നു നേരത്തെ തീരുമാനിച്ചിട്ടുണ്ട്. പ്രകൃതിദുരന്തം നാശം വിതച്ച സ്ഥലങ്ങളിലുള്ള വായ്പയെടുത്തവർക്ക് ആശ്വാസം നൽകാനുള്ള നടപടികളെടുക്കുന്നതിൽ മേഖലയിലുള്ള ബാങ്കുകൾക്ക് ആർബിഐ വിവിധ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ വായ്പ എഴുതിത്തള്ളാനുള്ള വ്യവസ്ഥയില്ല. പ്രകൃതിദുരന്ത മേഖലയിലെ ദുരിതാശ്വാസ നടപടികൾ സംബന്ധിച്ച് ആർബിഐയുടെ 2018 ഒക്ടോബർ 17ലെ മാർഗനിർദേശങ്ങൾ സമഗ്രമാണ്. മാർഗനിർദേശങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടെങ്കിൽ ധനമന്ത്രാലയം നടപടിയെടുക്കുമെന്നും, എന്നാൽ പൊതുമേഖല ബാങ്കുകളുടെ ഭരണനിർവഹണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മേൽനോട്ടവും നയപരമായ പിന്തുണയും മാത്രമാണ് ധനമന്ത്രാലയത്തിനുള്ളതെന്നും ആഭ്യന്തരമന്ത്രാലയം അണ്ടർ സെക്രട്ടറി മൃത്യുഞ്ജയ് ത്രിപാഠി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ഇത് പരാമർശിച്ചു കൊണ്ടായിരുന്നു കോടതിയുടെ വിമർശനം. 

വെറും ‘ഉദ്യോഗസ്ഥ വാചകമടി’ മാത്രമാണ് സത്യവാങ്മൂലത്തിലുള്ളതെന്ന് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ വിമർശിച്ചു. കേന്ദ്ര സർക്കാരിന് അധികാരമില്ലാത്തതല്ല, മറിച്ച് അത് ഉപയോഗിക്കാൻ തയാറാണോ എന്നതാണ് ചോദ്യം. അധികാരമില്ല എന്ന പറച്ചിലിന്റെ പിന്നിലൊളിക്കാനാണു ശ്രമിക്കുന്നത്. അധികാരമില്ല എന്നു പറയുന്നതിനു പകരം വായ്പ എഴുതിത്തള്ളാൻ കഴിയില്ല എന്നാണ് നിലപാടെങ്കിൽ അത് തുറന്നു പറയാൻ ധൈര്യം കാട്ടണം. ആരെയാണ് ഇങ്ങനെ വിഡ്ഢിയാക്കാൻ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. തുടർന്ന്, വെള്ളപ്പൊക്ക കെടുതി നേരിട്ട ഗുജറാത്തിനും അസമിനും കേന്ദ്രം അധിക ധനസഹായം അനുവദിച്ചെന്ന പത്രവാർത്ത കോടതി ചൂണ്ടിക്കാട്ടി. ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്ന് ഇരു സംസ്ഥാനങ്ങൾക്കുമായി 707.97 കോടി രൂപയാണ് നൽകിയത്. അഗ്നിരക്ഷാ സേനയുടെ ആധുനീകരണത്തിന് ദുരന്ത പ്രതികരണ നിധിയിൽ നിന്ന് ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങൾക്കായി 903.67 കോടി രൂപയും അനുവദിച്ചിട്ടുണ്ട് എന്നു ചൂണ്ടിക്കാട്ടിയ കോടതി, കേരളം കാരുണ്യമല്ല തേടുന്നതെന്നും പറഞ്ഞു.

തുടർന്ന് വയനാട്ടില്‍ ദുരന്തബാധിതർക്ക് വായ്പ നൽകിയിട്ടുള്ള പൊതുമേഖലാ ബാങ്കുകളുടെ പട്ടിക നൽകാനും കോടതി ആവശ്യപ്പെട്ടു. വായ്പകൾ പൂർണമായോ ഭാഗികമായോ എഴുതിത്തള്ളുന്ന കാര്യത്തിൽ ബാങ്കുകൾക്ക് നിലപാട് അറിയിക്കാം. അവരെയും കേസിൽ കക്ഷി ചേർക്കും. വായ്പകൾ തിരിച്ചു പിടിക്കാനുള്ള ബാങ്കുകളുടെ നടപടികള്‍ക്ക് സ്റ്റേ അനുവദിക്കുമെന്നും കോടതി വ്യക്തമാക്കി. മറ്റു ബാങ്കുകളുടെ പട്ടിക നൽകുന്ന മുറയ്ക്ക് അവിടെയുള്ള ജപ്തി നടപടികളും സ്റ്റേ ചെയ്യുമെന്നും കോടതി പറഞ്ഞു. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.