ബേബി ഡാം ശക്തിപ്പെടുത്തണമെന്ന് കേരളത്തിന് കേന്ദ്രത്തിന്റെ കത്ത്

 | 
Baby Dam

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭാഗമായ ബേബി ഡാം ശക്തിപ്പെടുത്തണമെന്ന് കേരളത്തിന് കേന്ദ്രത്തിന്റെ കത്ത്. കേന്ദ്ര ജല വിഭവ വകുപ്പ് സെക്രട്ടറി, സംസ്ഥാന ജലവിഭവ പരിസ്ഥിതി ചീഫ് സെക്രട്ടറി ടി.കെ. ജോസിന് അയച്ച കത്തിലാണ് ഈ ആവശ്യമുള്ളത്. തമിഴ്‌നാടിന്റെ ആവശ്യമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കേരളത്തോട് ഉന്നയിച്ചിരിക്കുന്നത്.

അപ്രോച്ച് റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നും എര്‍ത്തേണ്‍ ഡാം ബലപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. കഴിഞ്ഞയാഴ്ച തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മരുകന്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചപ്പോഴും ബേബി ഡാം ബലപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. പിന്നീട് ബേബി ഡാമിന് സമീപമുള്ള മരങ്ങള്‍ മുറിക്കാന്‍ സംസ്ഥാനം അനുവാദം നല്‍കിയത് വിവാദമാകുകയും ചെയ്തു.

സെക്രട്ടറി തല യോഗത്തില്‍ മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാട് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഉത്തരവിററങ്ങിയതെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം താന്‍ അറിഞ്ഞില്ലെന്നാണ് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞത്. പിന്നീട് ഈ ഉത്തരവ് മരവിപ്പിച്ചിരുന്നു.