വെല്ലുവിളി ഉയര്‍ത്തി ഒമിക്രോണ്‍ വകഭേദം; സാഹചര്യം നിരീക്ഷിക്കുകയാണെന്ന് ആരോഗ്യമന്ത്രി

 | 
Omicron

കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ എന്ന പുതിയ വകഭേദം കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ജാഗ്രതാ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. എല്ലാവരും മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര നിര്‍ദേശം അനുസരിച്ചുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കും. വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ യാത്രയ്ക്ക് 48 മണിക്കൂര്‍ മുന്‍പ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നുണ്ട്. സംസ്ഥാനത്ത് എത്തിയതിന് ശേഷം വീണ്ടും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണം. കേന്ദ്രമാനദണ്ഡങ്ങള്‍ അനുസരിച്ച് നിലവിലുള്ള ക്വാറന്റൈനും ആവശ്യമാണെന്ന് മന്ത്രി വ്യക്തമാക്കി.

ഒമിക്രോണ്‍ വകഭേദത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന പഠനം നടത്തി വരികയാണ്. പുതിയ വകഭേദം നിലവിലുള്ള വാക്‌സിനുകളെ അതിജീവിക്കുമോ എന്നതാണ് പഠിക്കുന്നത്. വൈറസിന്റെ ആഫ്രിക്കന്‍ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തി വരികയാണ്. ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തി.