ചാമ്പ്യന്‍സ് ലീഗ് : റൊണാൾഡോ ഗോളടിച്ചിട്ടും യുണൈറ്റഡിന് തോൽവി; ബാഴ്സയും വീണു

 | 
Football

ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വിസ്സ് ക്ലബ്ബായ യങ് ബോയ്സ്  അട്ടിമറിച്ചു. ഗ്രൂപ്പ് എഫിലെ കളിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തോറ്റത്. ചാമ്പ്യൻസ് ലീഗിലെ സീസണിലെ ആദ്യ ഗോൾ നേടി റൊണാൾഡോ യുണൈറ്റഡിന് പ്രതീക്ഷ നൽകിയെങ്കിലും രണ്ടാം പകുതിയിലെ രണ്ടു ഗോളുകൾ ആതിഥേയർക്ക് വിജയം സമ്മാനിച്ചു.

13മിനിറ്റിൽ പോർച്ചുഗീസ് സഹ താരം ബ്രൂണോ ഫെർണാണ്ടസിന്റെ അസിസ്റ്റിൽ റൊണാൾഡോ ഗോൾ നേടി. പക്ഷെ 35 മിനിറ്റിൽ ക്രിസ്റ്റഫർ മർട്ടിൻസിനെ അപകടകരമായ രീതിയിൽ ഫൗൾ ചെയ്‌ത ആരോൺ വാൻ ബിസാക ചുവപ്പു കാർഡ് കണ്ടു പുറത്തായി. പിന്നീട് ഒരു മണിക്കൂറോളം 10 പേരെ വച്ചാണ് യുണൈറ്റഡ് കളിച്ചത്. 3 വർഷത്തിനിടയിൽ ഇതാദ്യമായാണ് വാൻ ബിസാക്ക ചുവപ്പു കാർഡ് കണ്ടു പുറത്തു പോകുന്നത്.
രണ്ടാം പകുതിയിൽ യങ് ബോയ്സ് ആക്രമിച്ചു കളിച്ചു. കൂടുതൽ പന്ത് കൈവശം വച്ചതും ഗോൾ ലക്ഷ്യമാക്കി ഷോട്ടുകൾ പായിച്ചതും അവരാണ്. 66മിനിറ്റിൽ അതിന്റെ ഫലം കണ്ടു. നിക്കോളാസ് നമലേയു ഗോൾ നേടി. റൊണാൾഡോക്ക് പകരക്കാരൻ ആയി ഇറങ്ങിയ ജെസ്സി ലിംഗാർഡിന് പറ്റിയ ഒരു അബദ്ധത്തിൽ നിന്നും കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ജോർദാൻ സെബാതേച്ച് വിജയഗോൾ നേടി.

ഗ്രൂപ്പ് എഫിലെ മറ്റൊരു മത്സരത്തിൽ അറ്റ്ലാന്റ വിയ്യാറയലുമായി രണ്ടു ഗോൾ സമനിലയിൽ പിരിഞ്ഞു.

ഗ്രൂപ്പ് ഇ യിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ബാഴ്‌സിലോണക്ക് വലിയ തോൽവി. ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യുണിക്ക് ആണ് എതിരില്ലാത്ത 3 ഗോളിന് ബാഴ്‌സയെ തകർത്തത്. റോബർട്ടോ ലെവൻഡോവ്സ്ക്കിയുടെ ഇരട്ട ഗോളും തോമസ് മുള്ളർ നേടിയ ഗോളും ആണ് ജർമ്മൻ ടീമിനെ വിജയിപ്പിച്ചത്. ഗ്രൂപ്പിൽ ബെനിഫിക്ക, ഡൈനാമോ കീവ് മത്സരം സമനിലയിൽ പിരിഞ്ഞു. 

ഗ്രൂപ്പ് എച് ലെ കളിയിൽ റൊമേലു ലുക്കാക്കു നേടിയ ഗോളിൽ ചെൽസി റഷ്യൻ ക്ലബ്ബ് സെനിത്ത് സെന്റ് പീറ്റേഴ്‌സ്ബർഗിനെ തോൽപോയിച്ചു. ഈ ഗ്രൂപ്പിൽ നടന്ന മറ്റൊരു കളിയിൽ ഇറ്റാലിയൻ ക്ലബ്ബ് യുവന്റസ് സ്വീഡിഷ് ക്ലബ്ബ് മാൽമോയെ എതിരില്ലാത്ത 3 ഗോളിന് തോൽപ്പിച്ചു. സാൻട്രോ, ഡിബാല, മൊറാട്ട എന്നിവർ ഗോൾ നേടി.