ചക്രവാതച്ചുഴി മൂലം ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

 | 
Rain

സംസ്ഥാനത്ത് ഇന്ന് മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനം മൂലം മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എട്ട് ജില്ലകളില്‍ ഇതേത്തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ രണ്ടു ദിവസം കൂടി ഇത് തുടരാന്‍ സാധ്യതയുള്ളതിനാല്‍ 24-ാം തിയതി വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 26-ാം തിയതി കാലവര്‍ഷം പിന്‍വാങ്ങുകയും തുലാവര്‍ഷം തുടങ്ങുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്.

എന്നാല്‍ തുലാവര്‍ഷം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പു തന്നെ തുലാവര്‍ഷ കണക്കില്‍ ലഭിക്കേണ്ട മഴയുടെ 98.5 ശതമാനം മഴയും കേരളത്തില്‍ ലഭിച്ചു കഴിഞ്ഞതായി കണക്കുകള്‍ പറയുന്നു.