ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാളെ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

 | 
Rain

സംസ്ഥാനത്ത് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ വ്യാഴാഴ്ചയും ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണം അതോറിറ്റി നിര്‍ദേശിച്ചു. 20-ാം തിയതി മുതല്‍ ശക്തമായ കാറ്റും ഇടിമിന്നലോടും കൂടിയ മഴയുണ്ടാകുമെന്ന് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ ഉള്‍പ്പെടെ ജലനിരപ്പ് ക്രമീകരിക്കാന്‍ ഷട്ടറുകള്‍ തുറന്നിരിക്കുകയാണ്. പുഴകളിലെ ജലനിരപ്പ് ഉയരുമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.