ചാണ്ടി ഉമ്മൻ ചരിത്ര വിജയം നേടും; അച്ചു ഉമ്മൻ
ബെംഗളൂരു: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ ചരിത്ര വിജയം നേടുമെന്ന് സഹോദരി അച്ചു ഉമ്മൻ. കുപ്രചരണങ്ങൾക്ക് ജനം തന്നെ മറുപടി നൽകുമെന്ന് അച്ചു ഉമ്മൻ പറഞ്ഞു. ചാണ്ടി ഉമ്മൻ എന്ന രാഷ്ട്രീയക്കാരന് നൽകിയ അംഗീകാരമാണ് യുഡിഎഫ് സ്ഥാനാർത്ഥിത്വമെന്ന് പറഞ്ഞ അച്ചു ഉമ്മൻ, പുതുപ്പള്ളിയിൽ വികസന മുരടിപ്പെന്ന ആരോപണത്തിനും മറുപടി നൽകി. വികസനവും കരുതലും ഒരുമിച്ച് കൊണ്ടുപോയത് കൊണ്ടാണ് 53 വർഷം ഉമ്മൻചാണ്ടി പുതുപ്പള്ളിയെ പ്രതിനിധീകരിച്ചതെന്ന് അച്ചു ഉമ്മൻ കൂട്ടിച്ചേർത്തു.
ഉമ്മൻചാണ്ടി ജീവിച്ചിരുന്ന കാലത്ത് ഒരുപാട് നുണകൾ കൊണ്ട് വേട്ടയാടപ്പെട്ടിരുന്നു. എല്ലാ കുപ്രചരണങ്ങൾക്കും പുതുപ്പള്ളിയിലെ ജനം മറുപടി നൽകുമെന്ന് അച്ചു ഉമ്മൻ പറഞ്ഞു. അന്ത്യ യാത്രയിൽ വന്ന ജനങ്ങൾ ആരും വിളിച്ചിട്ട് വന്നതല്ല. ഇനിയും ഉമ്മൻചാണ്ടിയെ ആക്ഷേപിക്കാനാണ് ശ്രമമെങ്കിൽ ജനങ്ങൾ തന്നെ മറുപടി നൽകുമെന്നും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മുഴുവൻ സമയപ്രചാരണത്തിന് ഉണ്ടാവുമെന്നും അച്ചു ഉമ്മൻ കൂട്ടിച്ചേർത്തു.