ചെന്നൈ പ്രളയം; കൈത്താങ്ങായി സൂര്യയും കാർത്തിയും, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പത്തുലക്ഷം രൂപ സംഭാവന നൽകി
ചെന്നൈ പ്രളയത്തില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്ക് കൈത്താങ്ങായി നടന്മാരും സഹോദരങ്ങളുമായ സൂര്യയും കാർത്തിയും. ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരും പത്തുലക്ഷം രൂപ സംഭാവനയായി നൽകി. ഇരുവരുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
പ്രളയബാധിത ജില്ലകളായ ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപട്ട്, തിരുവള്ളൂർ എന്നിവിടങ്ങളിലാണ് സൂര്യയുടെയും കാർത്തിയുടെയും സഹായമെത്തുക. പ്രാരംഭ തുകയാണ് 10 ലക്ഷം. ഫാൻസ് അസോസിയേഷനുകളുമായി സഹകരിച്ചാണ് ഇരുതാരങ്ങളും സഹായം എത്തിക്കുക.
മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുകയാണ്. ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടാണുള്ളത്. പ്രളയത്തെ തുടർന്ന് മരണം എട്ടായി. വെള്ളക്കെട്ടിനെത്തുടര്‍ന്ന് 17 സബ്‌വേകള്‍ അടച്ചതായി പോലീസ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര ന്യൂനമർദം അതിതീവ്ര ചുഴലിക്കാറ്റായി മാറിയിരുന്നു. തമിഴ്നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിൽ അതീവ ജാഗ്രത തുടരുന്നു. മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.