ചേരാനല്ലൂർ കാർ അപകടം; കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ മാറ്റി

‌ആര്‍.നിശാന്തിനിക്ക് പകരം ചുമതല
 | 
Kaliraj Mahesh Police

ചേരാനല്ലൂരില്‍ പതിനേഴുകാരന്‍ അമിതവേഗത്തിലോടിച്ച കാറിടിച്ച് തട്ടുകടയുടമ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നടപടികളുമായി ആഭ്യന്തരവകുപ്പ്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാറിനെ മാറ്റി. പകരം ആര്‍.നിശാന്തിനിക്കാണു ചുമതല നല്‍കിയിരിക്കുന്നത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരമാണു നടപടി. സംഭവത്തിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് നാല് പൊലീസ് ഉദ്യോഗസ്ഥരെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സിറ്റി പൊലീസ് കമ്മിഷണറും തെറിച്ചത്. 

അപകടമുണ്ടാക്കിയ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കു ജാമ്യം ലഭിക്കാനാകുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തി ആദ്യം കേസെടുത്തതു ഗുരുതര വീഴ്ചയാണെന്ന് എഡിജിപി പി.വിജയന്‍ ഇന്നലെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സിറ്റി പൊലീസ് കമ്മിഷണര്‍ എന്ന നിലയില്‍ സംഭവത്തില്‍ ഇടപെടുന്നതില്‍ കാളിരാജ് മഹേഷ് കുമാറിനു വീഴ്ചയുണ്ടായെന്ന് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രതി ജഡ്ജിയുടെ മകനായ സാഹചര്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സമ്മര്‍ദമുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് കമ്മിഷണര്‍ ശക്തമായ ഇടപെടല്‍ നടത്തേണ്ടിയിരുന്നുവെന്നാണ് ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തല്‍.