കോണ്‍ഗ്രസിലേക്ക് മടക്കം പ്രഖ്യാപിച്ച് ചെറിയാന്‍ ഫിലിപ്പ്; തിരികെയെത്തുന്നതില്‍ സന്തോഷമെന്ന് ആന്റണി

 | 
Cheriyan Philip

കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുകയാണെന്ന് ചെറിയാന്‍ ഫിലിപ്പ്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് ചെറിയാന്‍ ഫിലിപ്പ് മടങ്ങിവരവ് പ്രഖ്യാപിച്ചത്. എ.കെ.ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു പ്രഖ്യാപനം. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ഇന്നലെ ഔദ്യോഗികമായി എന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചു. ഇന്ന് രാവിലെ എന്റെ രാഷ്ട്രീയ ഗുരു എ.കെ. ആന്റണിയെ കണ്ട് അനുഗ്രഹം തേടുകയുണ്ടായി. 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഞാനെന്റെ കുടുംബത്തിലേക്ക്, തറവാട്ടിലേക്ക് മടങ്ങുകയാണെന്ന് ചെറിയാന്‍ പറഞ്ഞു.

20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോണ്‍ഗ്രസ് വിട്ടുപോകുമ്പോള്‍ ഞാന്‍ പറഞ്ഞ അധികാര കുത്തക അവസാനിപ്പിക്കണമെന്ന സന്ദേശം ഇപ്പോള്‍ കോണ്‍ഗ്രസ് നടപ്പിലാക്കിയിരിക്കുന്നു. പാര്‍ലമെന്റ് രംഗത്തും സംഘടനാ രംഗത്തും സ്ഥിരം മുഖം മാറി ഒരു പുതിയ നേതൃത്വം എല്ലാ തലങ്ങളിലും വന്നിരിക്കുന്നു. ഞാന്‍ പറഞ്ഞ ഈ കാര്യങ്ങള്‍ പണ്ട് കോണ്‍ഗ്രസ് നടപ്പിലാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. ഞാന്‍ അന്ന് പറഞ്ഞ കാര്യങ്ങള്‍ ശരിയായിരുന്നെന്ന് ചരിത്രം തെളിയിച്ചിരിക്കുന്നു. കോണ്‍ഗ്രസ് അത് ഉള്‍ക്കൊള്ളുന്നു. അത് എനിക്ക് തിരിച്ചുപോക്കിനുള്ള ഒരു സഹായകരമായ അന്തരീക്ഷം ഉണ്ടാക്കിയിരിക്കുകയാണെന്നും ചെറിയാന്‍ ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു.

ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയതില്‍ സന്തോഷമുണ്ടെന്നായിരുന്നു എ.കെ.ആന്റണി പ്രതികരിച്ചത്. 20 വര്‍ഷം ഇടതുപക്ഷത്തോടൊപ്പം നിന്നിട്ടും ചെറിയാന്‍ സിപിഎം അംഗത്വം എടുത്തില്ല. ഒരു കുടുംബമെന്ന തോന്നല്‍ ഉണ്ടാകാത്തതാണ് അതിനു കാരണം. ആദ്യ കാലത്ത് പിണക്കമുണ്ടായി, പരിഭവങ്ങള്‍ പിന്നീടു പറഞ്ഞു തീര്‍ത്തുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ആന്റണി പറഞ്ഞു.