ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍ തിരിച്ചെത്തുന്നു; പ്രഖ്യാപനം നാളെ
ഇടതു സഹയാത്രികന്‍ എന്ന ലേബല്‍ ഉപേക്ഷിച്ച് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു. വെള്ളിയാഴ്ച ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും. രാവിലെ 11 മണിക്ക് എ.കെ.ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരിക്കും പ്രഖ്യാപനം. 20 വര്‍ഷത്തിന് ശേഷമാണ് ചെറിയാന്‍ ഫിലിപ്പിന്റെ മടക്കം. അടുത്തിടെ ഇടതുപക്ഷവുമായി ഇടഞ്ഞു നില്‍ക്കുന്ന ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ സ്വാഗതം ചെയ്തിരുന്നു.
ഇനി കടുക്കനിട്ടവരുടെ കാലമാണെന്നായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ചെറിയാന്‍ ഫിലിപ്പിന്റെ മടങ്ങിവരവിനെ കുറിച്ച് വിശേഷിപ്പിച്ചത്. രമേശ് ചെന്നിത്തലയും അദ്ദേഹത്തെ സ്വാഗതം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയോടൊപ്പം വേദി പങ്കിടുകയും ചെയ്തു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ എല്‍ഡിഎഫ് വിവിധ തെരഞ്ഞെടുപ്പുകളില്‍ ചെറിയാന്‍ ഫിലിപ്പിനെ മത്സരിപ്പിച്ചിരുന്നു. എന്നാല്‍ എല്ലായിടത്തും പരാജയമായിരുന്നു ഫലം.
ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും ചെറിയാന്‍ ഫിലിപ്പിനെ എല്‍ഡിഎഫ് പരിഗണിച്ചില്ല. കെടിഡിസി ചെയര്‍മാന്‍, നവകേരള മിഷന്‍ കോഓര്‍ഡിനേറ്റര്‍ പദവികളില്‍ ഇരുന്ന ചെറിയാന്‍ ഫിലിപ്പിന് ഇത്തവണ ഖാദി ബോര്‍ഡ് ഉപാധ്യക്ഷ സ്ഥാനം നല്‍കിയെങ്കിലും ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. പിന്നീട് സര്‍ക്കാരിനെതിരെ അദ്ദേഹം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.