ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം; മൂന്നുപേർ കസ്റ്റഡിയിൽ

 | 
bgd

 ഓയൂരിൽ ആറ് വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന മൂന്നുപേർ കസ്റ്റഡിയിൽ. തിരുവനന്തപുരത്ത് നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. ശ്രീകാര്യത്ത് നിന്ന് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് മറ്റു രണ്ടുപേരെ ശ്രീകണ്ഠേശ്വരത്ത് നിന്ന് പിടികൂടിയത്. വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.

ശ്രീകണ്ഠേശ്വരം കാർ വാഷിംഗ് സെന്ററിൽ നിന്നാണ് ശ്രീകാര്യം പൊലീസ് രണ്ടുപേരെ പിടികൂടിയത്. കാർ വാഷിംഗ് സെന്റർ ഉടമ പ്രതീഷിനെയും മറ്റൊരാളേയുമാണ് കസ്റ്റഡിയിലെടുത്തത്. റെന്റ് എ കാർ എന്ന നിലയിലാണ് ഇവർ കാർ വാങ്ങിയത് എന്നും സൂചനകളുണ്ട്. ഇവരിൽ നിന്ന് 500 രൂപയുടെ 19 കെട്ടുകൾ പിടികൂടി.


ഇന്നലെ വൈകീട്ട് 4.45നാണ് അബിഗേൽ സാറ റെജിയെന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നത്. വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് കുട്ടിയെ കയറ്റിക്കൊണ്ട് പോയത്. മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. തടയാൻ ശ്രമിച്ച തന്നെ വലിച്ചിഴച്ചതായി സഹോദരൻ ജോനാഥ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി. ഒരു പേപ്പർ തന്ന് അമ്മയ്ക്ക് കൊടുക്കുമോ എന്ന് കാറിലുള്ളവർ പറഞ്ഞതായി സഹോദരൻ പറയുന്നു. പെൺകുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ആൺകുട്ടി തടുക്കാൻ ശ്രമിച്ചപ്പോൾ കാർ പെട്ടെന്ന് മുന്നോട്ടെടുക്കുകയും ആൺകുട്ടി താഴെ വീഴുകയുമായിരുന്നു.