കുട്ടിയെ തട്ടികൊണ്ടുപോയ കേസ്; പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

 | 
abigel

കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ തട്ടികൊണ്ട് പോയ കേസിലെ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പത്മകുമാർ, ഭാര്യ എം ആർ അനിതകുമാരി, മകൾ അനുപമ എന്നിവരെ ഈ മാസം 15 വരെയാണ് കൊട്ടാരക്കര കോടതി റിമാൻഡ് ചെയ്തത്. പത്മകുമാറിനെ കൊട്ടാരക്കര സബ്ജയിലിലും അനിതകുമാരിയെയും അനുപമയെയും അട്ടക്കുളങ്ങര സബ്ജയിലിലുമാണ് റിമാൻഡ് ചെയുക. പ്രതികളുടെ അറസ്റ്റ് ഇന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്.

കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കണ്ടെത്തിയ വഴിയാണു തട്ടിക്കൊണ്ടു പോകൽ ആസൂത്രണം ചെയ്തത് എന്നാണ് പ്രതികൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. പല കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ ഇവർ ശ്രമം നടത്തിയിരുന്നു. ഓയൂരിലെ കുട്ടിയെ മാത്രം മൂന്നു തവണ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്. ആദ്യം കേബിൾ ഓപ്പറേറ്ററായിരുന്ന പത്മകുമാർ പിന്നീട് റിയൽ എസ്റ്റേറ്റ്, ബേക്കറി അടക്കമുള്ള ബിസിനസുകളിലേക്ക് തിരിഞ്ഞു. ഇയാൾക്ക് 2 കോടിയുടെ കടമുണ്ടെന്നാണ് പറയുന്നത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയി അഞ്ചാം ദിവസമാണ് പ്രതികൾ പിടിയിലാകുന്നത്. കുട്ടി നൽകിയ വിവരങ്ങളുടെയും സാക്ഷികൾ നൽകിയ സൂചനകളുടെയും ലാപ്ടോപ്പ് ഐപി അഡ്രസിന്റെയുമെല്ലാം അടിസ്ഥാനത്തിലാണ് പ്രതികളെ പിന്തുടർന്ന് പിടികൂടിയത്. ഡിസംബർ ഒന്നിന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് പത്മകുമാറും കുടുംബവും തമിഴ്നാട് തെങ്കാശിയിലെ പുളിയറയിൽ നിന്ന് പൊലീസിന്റെ പിടിയിലായത്.