കുട്ടിയെ തട്ടികൊണ്ടുപോയ കേസ്; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

 | 
ppppppppppppppp

കൊല്ലം: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടികൊണ്ടു പോയ കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒന്നാം പ്രതി പത്മകുമാർ, രണ്ടാം പ്രതി പത്മകുമാറിൻറെ ഭാര്യ അനിത, മൂന്നാം പ്രതി ഇവരുടെ മകൾ അനുപമ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയ ശേഷം കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. പ്രതികളുമായി ഇന്ന് തെളിവെടുപ്പ് ഉണ്ടാവും. 

പ്രതികളായ പത്മകുമാറും കുടുംബവും കിഡ്നാപ്പിംഗ് സംഘമാണെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഘം നേരത്തെയും തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തിരുന്നു. പല കുട്ടികളെയും തട്ടി കൊണ്ടുപോകാൻ ശ്രമം നടത്തിയതായാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. അബിഗേലിനെ തട്ടിക്കൊണ്ടുപോകാൻ ഇവർ മൂന്ന് തവണയാണ് ശ്രമം നടത്തിയത്. കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം വാങ്ങാമെന്നായിരുന്നു പദ്ധതി. ഇതിനുള്ള ട്രയൽ കിഡ്നാപ്പിം​ഗ് ആണ് അബിഗേലിന്റെ തട്ടിക്കൊണ്ടുപോകലെന്നാണ് പ്രതികൾ നൽകിയിരിക്കുന്ന മൊഴി. ആദ്യം കേബിൾ ഓപ്പറേറ്ററായിരുന്ന പത്മകുമാർ പിന്നീട് റിയൽ എസ്റ്റേറ്റ്, ബേക്കറി അടക്കമുള്ള ബിസിനസുകളിലേക്ക് തിരിഞ്ഞു. ഇയാൾക്ക് 2 കോടിയുടെ കടമുണ്ടെന്നാണ് പറയുന്നത്.

അബിഗേലിനെ തട്ടിക്കൊണ്ടുപോയി അഞ്ചാം ദിവസമാണ് പ്രതികൾ പിടിയിലാകുന്നത്. കുട്ടി നൽകിയ വിവരങ്ങളുടെയും സാക്ഷികൾ നൽകിയ സൂചനകളുടെയും ലാപ്ടോപ്പ് ഐപി അഡ്രസിന്റെയുമെല്ലാം അടിസ്ഥാനത്തിലാണ് പ്രതികളെ പിന്തുടർന്ന് പിടികൂടിയത്. ഡിസംബർ ഒന്നിന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് പത്മകുമാറും കുടുംബവും തമിഴ്നാട് തെങ്കാശിയിലെ പുളിയറയിൽ നിന്ന് പൊലീസിന്റെ പിടിയിലായത്. പ്രതികൾ സംഭവ ദിവസം സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങളാണ് പൊലീസിനെ പത്മകുമാറിലേക്കെത്തിച്ചത്.