ലൈസന്‍സില്ലാതെ ദത്ത് നല്‍കിയത് കുട്ടിക്കടത്ത്; ഷിജു ഖാനെതിരെ കേസെടുക്കണമെന്ന് അനുപമ

 | 
Anupama

ലൈസന്‍സ് ഇല്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയത് കുട്ടിക്കടത്താണെന്ന് അനുപമ. ശിശുക്ഷേമ സമിതിയുടെ ഭാഗത്തു നിന്നുണ്ടായത് ക്രൂരതയാണെന്നും ജനറല്‍ സെക്രട്ടറി ഷിജു ഖാനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും അനുപമ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കുമെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.

ശിശുക്ഷേമ സമിതിക്ക് ദത്ത് നല്‍കാനുള്ള ലൈസന്‍സ് ഇല്ല എന്നാണ് അറിയാന്‍ കഴിയുന്നത്. ലൈസന്‍സ് ഇല്ലാത്ത സ്ഥാപനം ദത്ത് കൊടുക്കുന്നതിനെ ദത്തെന്ന് പറയാന്‍ കഴിയില്ല. കുട്ടിക്കടത്തെന്നേ അതിനെ പറയാന്‍ കഴിയൂ. ഈ കാരണത്താല്‍ ഷിജു ഖാനെതിരെ നടപടി എടുത്തുകൂടേയെന്നും മുഖ്യമന്ത്രിക്ക് കത്തയച്ചാലെങ്കിലും ഷിജു ഖാനെതിരേ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അനുപമ പറഞ്ഞു.

ദത്ത് ലൈസന്‍സ് ഹാജരാക്കാത്തതില്‍ തിരുവനന്തപുരം കുടുംബ കോടതി ശിശു ക്ഷേമ സമിതിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. സ്റ്റേറ്റ് അഡോപ്ഷന്‍ റഗുലേറ്ററി അതോറിറ്റി നല്‍കിയ അഫിലിയേഷന്‍ ലൈസന്‍സ് 2016ല്‍ അവസാനിച്ചിരുന്നു. ഇത് പുതുക്കിയ ഒറിജിനല്‍ ലൈസന്‍സ് ഹാജരാക്കണമെന്നായിരുന്നു കോടതി നിര്‍ദേശിച്ചത്.