ചൈന താലിബാനുമായി സഹകരിക്കും; എംബസിയുടെ പ്രവര്‍ത്തനം തുടരുമെന്ന് പ്രഖ്യാപനം

 | 
china
താലിബാനുമായി സഹകരിക്കുമെന്ന് ചൈന.

ബെയ്ജിംഗ്: താലിബാനുമായി സഹകരിക്കുമെന്ന് ചൈന. ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുനീയിങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കാബൂളിലെ ചൈനീസ് എംബസിയുടെ പ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. എംബസിയുടെ പ്രവര്‍ത്തനം ഉടന്‍തന്നെ സാധാരണ നിലയിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇതാദ്യമായാണ് ഒരു വിദേശ രാജ്യം അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ച താലിബാനുമായി സഹകരിക്കുമെന്ന് പ്രഖ്യാപിക്കുന്നത്. അഫ്ഗാനിസ്ഥാനുമായി സഹകരിക്കാനും സൗഹൃദം പുലര്‍ത്താനും ചൈന താല്‍പര്യപ്പെടുന്നു. അഫ്ഗാനിസ്ഥാനമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള അവസരത്തെ ചൈന സ്വാഗതം ചെയ്യുന്നു. സ്വന്തം ഭാഗധേയം തീരുമാനിക്കാനുള്ള അഫ്ഗാനിലെ ജനങ്ങളുടെ അവകാശത്തെ ചൈന വിലമതിക്കുന്നുവെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. 

അഫ്ഗാനില്‍ സുഗമമായ അധികാര കൈമാറ്റം ഉറപ്പുവരുത്തണം. അഫ്ഗാനികളുടെയും മറ്റ് വിദേശ പൗരന്‍മാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതും തുറന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു മുസ്ലിം സര്‍ക്കാര്‍ ഉണ്ടാവണമെന്ന് അഫ്ഗാനോട് ആവശ്യപ്പെടുന്നതായും ചൈനീസ് വക്താവ് പറഞ്ഞു.

ചൈനയുമായി നല്ല ബന്ധം പുലര്‍ത്തുന്നതിനുള്ള താല്‍പര്യം താലിബാന്‍ ആവര്‍ത്തിച്ച് പ്രകടിപ്പിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണത്തിനും വികസനത്തിനും ചൈനയുടെ പങ്ക് പ്രതീക്ഷിക്കുന്നതായി അവര്‍ പറഞ്ഞിട്ടുണ്ട്. ചൈന ഇതിനെ സ്വാഗതം ചെയ്യുകയാണെന്നും ചുനീയംഗ് കൂട്ടിച്ചേര്‍ത്തു. ചൈനയുമായി 76 കിലോമീറ്റര്‍ അതിര്‍ത്തി അഫ്ഗാന്‍ പങ്കിടുന്നുണ്ട്.