സിഐ സുധീറിനെ ഒഴിവാക്കി; മൊഫിയ കേസിലെ കുറ്റപത്രത്തിനെതിരെ കുടുംബം

 | 
Mofia CI

മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആലുവ സിഐ ആയിരുന്ന സി.എല്‍.സുധീറിനെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചതായി കുടുംബം. സുധീറിനെ ബോധപൂര്‍വം ഒഴിവാക്കുകയാണെന്നും ഈ കുറ്റപത്രം അംഗീകരിക്കാനാകില്ലെന്നും മൊഫിയയുടെ പിതാവ് ദില്‍ഷാദ് പറഞ്ഞു. സുധീറിനെ പ്രതിചേര്‍ത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ആലുവ റൂറല്‍ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മൊഫിയയുടെ ഭര്‍ത്താവ് സുഹൈല്‍, ഇയാളുടെ മാതാപിതാക്കള്‍ എന്നിവരാണ് പ്രതികള്‍. പോലീസ് സ്‌റ്റേഷനില്‍ വെച്ച് സിഐ മൊഫിയയെയും പിതാവിനെയും അവഹേളിച്ചുവെന്നും ഇതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്നും പിതാവ് നേരത്തേ വ്യക്തമാക്കിയിരുന്നു.

സിഐക്കെതിരെ തെളിവില്ല എന്നാണ് പറയുന്നതെന്ന് പിതാവ് ആരോപിച്ചു. മുറിയില്‍ ഞാനും മോളും പ്രതികളും കുറച്ചു പോലീസുകാരും മാത്രമേ ഉണ്ടായിരുന്നുള്ളു. അതില്‍ സിഐക്കെതിരെ ആരാണ് തെളിവു കൊടുക്കുകയെന്ന് ദില്‍ഷാദ് ചോദിച്ചു. മകളുടെ ആത്മഹത്യാക്കുറിപ്പില്‍ ആദ്യം എഴുതിയത് സിഐയെ പ്രതിചേര്‍ക്കണം എന്നാണ്. നടപടിയെടുത്തില്ലെങ്കില്‍ കോടതിയില്‍ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ,