ആലുവയിലെ കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം; കല്ലേറും ജലപീരങ്കി പ്രയോ​ഗവും

 | 
aluva

 ആലുവയില്‍ നിയമവിദ്യാർത്ഥി മോഫിയ പർവീൺ  ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് വീഴ്ചയില്‍ പ്രതിഷേധം ശക്തം.  ആലുവ എസ്‍പി ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘർഷത്തിൽ കലാശിച്ചു. പൊലീസിന് നേരെ കല്ലേറുണ്ടായി. ബാരിക്കേഡ് തള്ളിമാറ്റാന്‍ കോൺ​ഗ്രസ്  പ്രവര്‍ത്തകര്‍ ശ്രമിച്ചു. മാര്‍‌ച്ചിൽ സംഘര്‍ഷമുണ്ടായതോടെ  പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് ആലുവ എസ്‍പി ഓഫീസിലേക്കുള്ള വഴിയില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിന് പിന്നാലെ ബാരിക്കേഡ് തള്ളിമാറ്റാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പിന്മാറാതിരുന്നതോടെ പൊലീസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു.

 ആരോപണ വിധേയനായ ആലുവ വെസ്റ്റ് മുൻ സിഐ സുധീർ കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് യുഡിഎഫ് ഉപരോധ സമരം. ഇന്നലെ തുടങ്ങിയ പൊലീസ് സ്റ്റേഷൻ ഉപരോധം എംഎൽഎ അൻവർ സാദത്ത്, എംപി ബെന്നി ബെഹന്നാൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നടക്കുന്നത്.

 മോഫിയ പർവീൺ  ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ കേസെടുക്കുന്നതിൽ ​സിഐ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്നാണ് റിപ്പോർട്ട്. കേസെടുക്കാതെ 25 ദിവസമാണ് പൊലീസ് നടപടി വൈകിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.