പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതി പ്രിയരഞ്ജന്റെ ഡ്രൈവിംഗ് ലൈസെൻസ് സ്ഥിരമായി റദ്ദാക്കി

 | 
f


കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ഡ്രൈവിംഗ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സ്ഥിരമായി റദ്ദാക്കി. ക്ഷേത്ര പരിസരത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് ആദി ശേഖറിനെ പൂവച്ചൽ സ്വദേശി പ്രിയരഞ്ജൻ കൊലപ്പെടുത്തിയത്.

സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് മോട്ടോർ വാഹന വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തില്‍ മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‍പെക്ടര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മന:പ്പൂർവ്വം ഇത്തരമൊരു ക്രൂരകൃത്യം നടത്തിയാളുടെ ലൈസൻസ് എന്നത്തേക്കുമായി റദ്ദ് ചെയ്യാൻ ശുപാർശ ചെയ്യുന്നതായിരുന്നു റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി സ്വീകരിച്ചത്.

 ഓഗസ്റ്റ് 30 നാണ് പ്രിയരഞ്ജന്റെ കാർ ഇടിച്ച് കാട്ടാക്കട ചിന്മയ മിഷൻ സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർഥിയായ ആദി ശേഖർ മരിച്ചത്. സാധാരണ അപകടമാണെന്ന് തെറ്റിദ്ധരിച്ചെങ്കിലും പിന്നീട് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പ്രതി മനപ്പൂർവ്വം കൃത്യം നടത്തുകയായിരുന്നുവെന്ന് വ്യക്തമായത്. സൈക്കിൾ ചവിട്ടുകയായിരുന്ന ആദി ശേഖർ ഉണ്ടായിരുന്നയിടത്ത് ഇരുപതു മിനിറ്റോളം പ്രിയരഞ്ജൻ കാർ നിർത്തിയിട്ടിരുന്നു. മറ്റൊരു കുട്ടിയുടെ കൈയിൽ നിന്നും ആദി ശേഖർ സൈക്കിൾ വാങ്ങി മൂന്നട്ടു ചവിട്ടുന്നതിനിടെ കാർ അമിത വേഗത്തിൽ വന്നു കുട്ടിയെ ഇടിച്ചിടുകയും ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഒളിവിലായിരുന്ന ഇയാളെ തമിഴ്നാട് അതിർത്തിയിൽ നിന്നാണ് പിടികൂടിയത്.