കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്കാണ് തകർന്നുവീണത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. രാവിലെ 11:10 ഓടെയാണ് സംഭവം.
കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് കനത്ത മഴയാണ് പെയ്തിരുന്നത്. ഇതിനെത്തുടർന്ന് ക്ലോക്ക് ടവർ തകർന്നു വീണേക്കാമെന്ന മുന്നറിയിപ്പുകൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചതായാണ് വിവരം. സുരക്ഷാ ക്രമീകരണങ്ങൾ നടത്തിവരുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ക്ലോക്ക് ടവറിന്റെ അവശേഷിക്കുന്ന ഭാഗംകൂടി നിലംപതിക്കാനുള്ള സാധ്യത മുന്നിൽകണ്ട് പ്രദേശത്ത് കനത്ത ജാഗ്രത പുലർത്തുന്നുണ്ട്. റെയിൽവേ സ്‌റ്റേഷനിൽ നവീകരണ പ്രവൃത്തികളുടെ ഭാഗമായി പൈലിങ് അടക്കം നടത്തി വരുന്നുണ്ട്. ഇതേത്തുടർന്ന് കാലപ്പഴക്കമുള്ള സ്റ്റേഷനിലെ കൂറ്റൻ ടവറുകളുടെ ബലക്ഷയം സംബന്ധിച്ചുള്ള ആശങ്കകൾ ഉയർന്നിരുന്നു. എന്നാൽ മുന്നറിയിപ്പുകൾ അധികൃതർ അവഗണിച്ചതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.
