സിഐക്കെതിരെ കര്‍ശന നടപടി മുഖ്യമന്ത്രി ഉറപ്പു നല്‍കി; മൊഫിയയുടെ കുടുംബവുമായി മുഖ്യമന്ത്രി സംസാരിച്ചെന്ന് പി.രാജീവ്

 | 
Mofia

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മൊഫിയയുടെ കുടുംബവുമായി മുഖ്യമന്ത്രി സംസാരിച്ചു. വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയ മന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി കുടുംബവുമായി ഫോണില്‍ സംസാരിച്ചത്. ആരോപണ വിധേയനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുധീറിന് എതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി മൊഫിയയുടെ പിതാവ് ദില്‍ഷാദും മന്ത്രി പി.രാജീവും പറഞ്ഞു. സിഐക്കെതിരെ അന്വേഷണം നടക്കുകയാണ്. ചില നടപടിക്രമങ്ങളുടെ താമസമാണ് ഇപ്പോള്‍ ഉള്ളതെന്നും മന്ത്രി പറഞ്ഞു.

നമ്മുടെ നാട്ടില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. കേസില്‍ എല്ലാത്തരത്തിലുള്ള അന്വേഷണവും ഉണ്ടാകും. നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. മൊഫിയയുടെ കുടുംബത്തിനൊപ്പം സര്‍ക്കാരുണ്ടെന്നും കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സിഐക്കെതിരെ നടപടി മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് മൊഫിയയുടെ പിതാവും പറഞ്ഞു.

അന്വേഷണത്തില്‍ തൃപ്തിയില്ലെങ്കില്‍ നേരിട്ടു കാണാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും അദ്ദേഹം പറഞ്ഞു. കേസില്‍ മൊഫിയയുടെ ഭര്‍ത്താവ് സുഹൈല്‍, സുഹൈലിന്റെ മാതാപിതാക്കളായ റുഖിയ, യൂസഫ് എന്നിവരെ റിമാന്‍ഡ് ചെയ്തു. കേസ് എറണാകുളം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.