മുഖ്യമന്ത്രി-വൈദ്യുതി മന്ത്രി തർക്കത്തിന് പരിഹാരം; വി.ഡി. സതീശനും സണ്ണി ജോസഫും ചർച്ച നടത്തി
ഹിമാചൽ- ജി.എൻ.എ വൈദ്യുതി വാങ്ങൽ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും വൈദ്യുതി മന്ത്രി സണ്ണി ജോസഫും തമ്മിൽ ഉടലെടുത്ത പരസ്യ തർക്കത്തിന് താൽക്കാലിക പരിഹാരം. കെ.എസ്.ഇ.ബി ചെയർമാൻ എൻ. പ്രശാന്ത് വൈദ്യുതി മന്ത്രിയെ കണ്ട് വൈദ്യുതി ലഭ്യതയും കരുതൽ മാർഗങ്ങളും അറിയിച്ചതിന് പിന്നാലെ ക്ലിഫ്ഹൗസിൽ വി.ഡി. സതീശനും സണ്ണി ജോസഫും കൂടിക്കാഴ്ച നടത്തി.
ബുധനാഴ്ച രാത്രി നടന്ന ചർച്ചയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പങ്കെടുത്തു. കൂടിക്കാഴ്ചയിൽ വൈദ്യുതി വാങ്ങലിലെ അന്വേഷണത്തിൽ മുഖ്യമന്ത്രിയെ സണ്ണി ജോസഫ് അതൃപ്ത് അറിയിച്ചു. കെ.എസ്.ഇ.ബി എം.ഡിയുമായും ഊർജ സെക്രട്ടറിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതിലടക്കമുള്ള നീരസമാണ് സണ്ണി ജോസഫ് അറിയിച്ചത്. മുൻ എംഡി രാജമാണിക്യത്തിനെതിരെ അന്വേഷണം നടത്താനുള്ള തീരുമാനത്തിലും മന്ത്രി അതൃപ്തി രേഖപ്പെടുത്തി. എന്നാൽ, കെ.എസ്.ഇ.ബി എംഡിയുമായി പ്രത്യേകം ചർച്ച നടത്തിയത് അല്ലെന്നും ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം കണ്ടതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
നിലവിൽ വൈദ്യുതി ക്ഷാമം ഇല്ലെന്നും രണ്ട് മാസത്തേക്ക് വൈദ്യുതി വാങ്ങേണ്ടതില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഭാവി മുന്നിൽ കണ്ട് പുതിയ കരാർ സാധ്യത തേടാൻ ധാരണയായി. ബോർഡ്-കോർപറേഷൻ ചർച്ചക്കിടെ ആയിരുന്നു വൈദ്യുതി വിവാദത്തിലെ ചർച്ച. വൈദ്യുതി വാങ്ങൽ വിവാദം മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തെ തന്നെ ചോദ്യംചെയ്യുന്ന നിലയിലേക്ക് പരിണമിക്കുന്നതിനിടെയാണ് കൂടികാഴ്ച നടത്തി ഭിന്നത പരിഹരിച്ചത്. നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി പ്രതിസന്ധിയില്ലെന്ന് പുതിയ ചെയർമാനും ഊർജ സെക്രട്ടറിയും മുഖ്യമന്ത്രിയെ കണ്ട് വിശദീകരിക്കുകയും ജി.എൻ.എ വൈദ്യുതി തൽക്കാലം വാങ്ങേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായാണ് മന്ത്രി സണ്ണി ജോസഫ് പരസ്യ വിമർശനവുമായി രംഗത്തുവന്നത്. വൈദ്യുതി പ്രതിസന്ധി ഇല്ലെന്ന കെ.എസ്.ഇ.ബിയുടെ പുതിയ വാദങ്ങളും അദ്ദേഹം പരസ്യമായി തള്ളി. മുഖ്യമന്ത്രിക്കെതിരെ ഒരു മന്ത്രി പരസ്യമായി രംഗത്തുവരുന്ന സാഹചര്യമാണ് ഇതോടെ രൂപപ്പെട്ടത്.
