സംസ്ഥാനത്ത് തീവ്രമഴ സൃഷ്ടിച്ചത് ഇരട്ട ന്യൂനമർദ്ദമെന്ന് മുഖ്യമന്ത്രി; കെടുതിയിൽ മരിച്ചവർ 39

 ആറ് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍
 | 
Pinarai Vijayan

ഇരട്ട ന്യൂനമർദ്ദമാണ് സംസ്ഥാനത്ത് അതി തീവ്ര മഴ സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയെ അറിയിച്ചു.  മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇത് വരെ 39 പേർ മരിച്ചു. ആറ് പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴക്കെടുതിയിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് കേരള നിയമസഭ പിരിഞ്ഞു. ഇനി സമ്മേളനം 25ആം തീയതിയാണ് സഭ വീണ്ടും ചേരുക

ദുരിതം അനുഭവിക്കുന്നവരെ സർക്കാർ കൈവിടില്ലെന്ന് മുഖ്യമന്ത്രി സഭയിൽ ആവർത്തിച്ചു. ഒക്ടോബര്‍ 11 മുതല്‍ സംസ്ഥാനത്ത് വര്‍ധിച്ച തോതിലുള്ള മഴയാണ് ഉണ്ടാകുന്നത്. ഒക്ടോബര്‍ 13 മുതല്‍ 17 വരെ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തും ചക്രവാതചുഴികള്‍ ഇരട്ടന്യൂനമര്‍ദമായി രൂപപ്പെട്ടു. സംസ്ഥാനത്തിന്റെ പലഭാഗത്തും അതിന്റെ ഭാഗമായി അതീതീവ്രമായ മഴ ഉണ്ടായെന്നും മുഖ്യമന്ത്രി അറിയിച്ചു.

 213 വീടുകൾ പൂർണമായി തകർന്നു. 1393 വീടുകൾ ഭാഗികമായി തകർന്നു. കേരളത്തിന്റെ തിരാ ദുഖമാണിതെന്നും ദുരിത ബാധിതരെ സർക്കാർ കൈവിടില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. എവിടേയും ആപത്തുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തികൊണ്ടാണ് അണക്കെട്ടുകളിലെ ജലം തുറന്നുവിടുന്നത്. ദുരന്ത നിവാരണത്തിനായി വിവിധ വകുപ്പുകളുടെ ഏകോപിത പ്രവർത്തനം നടക്കുന്നതായി അദേഹം സഭയെ അറിയിച്ചു. എൻഡിആർഎഫിന്റെ 11 ടീം രംഗത്തുണ്ട്. കിഴക്കൻ കാറ്റിൻ്റെ സ്വാധീനം മൂലം വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമായേക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നുണ്ടെന്നും അറിയിച്ചു.