വർ​ഗീയപരാമർശം നടത്തുന്നവർക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി

 | 
pinarai vijayan

സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെ‌ടുക്കുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. വിവേചനമുണ്ടാക്കാന്‍ ശ്രമിക്കുന്ന രീതിയിലുള്ള  പ്രചാരണം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കാൻ മുഖ്യമന്ത്രി പോലീസിനോ‌ട് നിർദേശിച്ചു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറിയും പങ്കെടുത്ത യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

വിഭാഗീയതയുണ്ടാക്കുനുള്ള ഒരു ശ്രമവും അനുവദിക്കരുത്. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും വിഷലിപ്തമായ പ്രചാരണങ്ങള്‍ ഏറ്റെടുത്ത്  വര്‍ഗീയ വിഭജനമടക്കം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവരെ നിര്‍ദാക്ഷിണ്യം നേരിടണമെന്നും അദേഹം ആവശ്യപ്പെട്ടു.  സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രവണത തടയാനും കുറ്റവാളികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാനും പ്രത്യേക നിഷ്‌കര്‍ഷയുണ്ടാകണമെന്നും ഉന്നതതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

മതനിരപേക്ഷ പാരമ്പര്യവും മത സാഹോദര്യവും നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ഈ പൊതുസ്വഭാവവും സവിശേഷതയും തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ചില കോണുകളില്‍നിന്ന് ഉണ്ടാകുന്നത്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് കാരണം.