പിറന്നാൾ ആഘോഷിക്കുന്ന വി എസിനെ സന്ദർശിച്ച് മുഖ്യമന്ത്രി
ഇന്ന് നൂറാം ജന്മദിനം ആഘോഷിക്കുന്ന വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി വി എസ്സിനെ കണ്ടത്.
അയ്യങ്കാളി ഹാളിൽ നടക്കുന്ന വി.എസിന്റെ ജീവിതവുമായി ബന്ധപ്പെട്ട് രചിച്ച പുസ്തകത്തിന്റെ പ്രകാശന പരിപാടിക്ക് പോകുന്നതിനു മുന്നേ ആയിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം.
ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേത്. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതില്‍ വി എസ് അടക്കമുള്ള നേതാക്കള്‍ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണ്.
ഐക്യകേരളം രൂപപ്പെടുന്നതിനു മുമ്പ് സ്വേച്ഛാധിപത്യത്തിനും രാജാധികാരത്തിനും ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എല്ലാമെതിരെ ഉജ്ജ്വലമായ സമരങ്ങള്‍ അദ്ദേഹം നയിച്ചു. ഐക്യകേരളം രൂപീകരിക്കപ്പെട്ടശേഷം ജനകീയ സമരങ്ങളിലൂടെയും ജനപ്രതിനിധി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരെ നിലകൊണ്ടിട്ടുള്ള നേതാവാണ് വി എസ് എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.