കൽക്കരിക്ഷാമം കേരളത്തേയും ബാധിക്കുന്നു; പവർകട്ട് വേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി

 | 
krishnan kutty

രാജ്യത്തെ കൽക്കരി ക്ഷാമം കേരളത്തേയും ബാധിക്കുന്നു. സംസ്ഥാനത്ത് പവർകട്ട് വേണ്ടിവരുന്ന സാ​ഹചര്യമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. കേന്ദ്ര പൂളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുണ്ടായി. കൂടംകുളത്തു നിന്നും കിട്ടേണ്ട വൈദ്യുതിയിലും 70 ശതമാനം കുറവുണ്ട്. ഈ സാഹചര്യം തുടർന്നാൽ പവർകട്ട് നടപ്പിലാക്കേണ്ടിവരുമെന്ന് മന്ത്രി അറിയിച്ചു.

വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് കെ.എസ്.ഇ.ബി കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ചുവരികയാണ്. ജനങ്ങള്‍ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൽക്കരിക്ഷാമം രൂക്ഷമായതോടെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിത്തുടങ്ങി. കല്‍ക്കരിയുടെ ദൗര്‍ലഭ്യമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. രാജ്യത്തിന് ആവശ്യമായ 70 ശതമാനം വൈദ്യുതിയും ഉത്പാദിപ്പിക്കുന്നത് താപ വൈദ്യുത നിലയങ്ങളില്‍ നിന്നാണ്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഡല്‍ഹി, ആന്ധ്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രതിസന്ധി രൂക്ഷമാകുന്നത്.

പഞ്ചാബിലും രാജസ്ഥാനിലും ഉത്തർപ്രദേശിലും പവർകട്ട്  പ്രഖ്യാപിച്ചു. ദില്ലിയിൽ ബ്ലാക്ക് ഔട്ട് മുന്നറിയിപ്പ് നൽകി. കൽക്കരി വിതരണത്തില്‍ പുരോഗതിയുണ്ടാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം. പല സംസ്ഥാനങ്ങളിലും 14 മണിക്കൂര്‍ വരെയാണ് അനൗദ്യോഗിക പവര്‍ കട്ട്. മതിയായ വൈദ്യുതിയുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. പവര്‍കട്ട് രൂക്ഷമാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 135 കല്‍ക്കരി വൈദ്യുതി നിലയങ്ങളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ മൊത്തം വൈദ്യുതിയുടെ 70 ശതമാനവും ഉല്‍പാദിപ്പിക്കുന്നത് കല്‍ക്കരി വൈദ്യുതി നിലയങ്ങളില്‍ നിന്നാണ്.