കൊച്ചി അപകടം; ഹോട്ടലുടമയുടെയും പിന്തുടര്‍ന്ന സൈജുവിന്റെയും പങ്ക് അന്വേഷിക്കണമെന്ന് അന്‍ജനയുടെ കുടുംബം

 | 
Kochi Accident

മിസ് കേരള ജേതാക്കള്‍ കൊല്ലപ്പെട്ട അപകടത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അന്‍ജന ഷാജന്റെ കുടുംബം. നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനും പിന്തുടര്‍ന്ന വാഹനം ഓടിച്ച സൈജുവിനും അപകടത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. അപകടം നടന്ന രാത്രി എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് അന്‍ജനയുടെ സഹോദരന്‍ അര്‍ജുന്‍ പറഞ്ഞു. അന്വേഷണസംഘം കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി.

മോഡലുകളുടെ യാത്രക്കിടയില്‍ കുണ്ടന്നൂരില്‍ വെച്ച് എന്തോ സംഭവിച്ചുവെന്നും ഇതെന്താണെന്ന് കണ്ടെത്തണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നത്. കാര്‍ നിര്‍ത്തി സംസാരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സിസിടിവി ദൃശ്യങ്ങൡലുണ്ട്. അന്‍ജനയ്ക്ക് നേരത്തേ ഭീഷണികളൊന്നും ഉണ്ടായിരുന്നില്ല. ഓഡി കാര്‍ പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമായത്. ആരുടെ നിര്‍ദേശം അനുസരിച്ചാണ് സൈജു അവിടെ എത്തിയതെന്നും ആര്‍ക്കാണ് ഫോണ്‍ ചെയ്തതെന്ന് കണ്ടെത്തണമെന്നും അര്‍ജുന്‍ പറഞ്ഞു.

നിലവില്‍ നടക്കുന്ന അന്വേഷണം തൃപ്തികരമാണെന്നും എന്നാല്‍ ചില സംശയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതെന്നും അര്‍ജുന്‍ വ്യക്തമാക്കി. തെളിവ് നശിപ്പിച്ചതിനാണ് റോയിക്കും സൈജുവിനും എതിരെ നിലവില്‍ കേസുള്ളത്. അപകടവുമായി ഇവര്‍ക്കുള്ള ബന്ധം എന്താണെന്നതാണ് വ്യക്തമാകേണ്ടതെന്നും കുടുംബം പറയുന്നു.