നഷ്ടപരിഹാര നിയമങ്ങൾ പാലിച്ചില്ല; എയർ ഇന്ത്യയ്ക്ക് വീണ്ടും പിഴ ചുമത്തി ഡിജിസിഎ

 | 
air india


നഷ്ടപരിഹാര നിയമങ്ങൾ പാലിക്കാത്തതിൽ എയർ ഇന്ത്യയ്ക്ക് രണ്ടാം തവണയും പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ഡൽഹി, കൊച്ചി, ബാംഗ്ലൂർ വിമാനത്താവളങ്ങളിലെ വിമാനക്കമ്പനികളിൽ റെഗുലേറ്റർ നടത്തിയ പരിശോധനയിൽ സിവിൽ ഏവിയേഷൻ റിക്വയർമെൻറിൻറെ വ്യവസ്ഥകൾ എയർ ഇന്ത്യ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 10 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.

വിമാനങ്ങൾ വൈകുന്നതുമൂലം ബുദ്ധിമുട്ടനുഭവപ്പെടുന്ന യാത്രക്കാർക്ക് ഹോട്ടൽ താമസ സൗകര്യം നൽകുക, ഗ്രൗണ്ട് ഉദ്യോഗസ്ഥർക്ക് നിബന്ധനകൾ അനുസരിച്ച് പരിശീലനം നൽകാതിരിക്കുക, മോശം സീറ്റുകളിൽ യാത്ര ചെയ്ത അന്താരാഷ്ട്ര ബിസിനസ് ക്ലാസ് യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാതിരിക്കുക എന്നിവയിൽ വീഴ്ച്ച വരുത്തിയതിനെ തുടർന്ന് നവംബർ 3 ന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ നോട്ടീസിൻ മേൽ എയർ ഇന്ത്യ നൽകിയ മറുപടി തൃപ്തികരമല്ലെന്ന് ഡിജിസിഎ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.