നഷ്ടപരിഹാരമായി വിപണി വിലയുടെ ഇരട്ടി, 4.6 ലക്ഷം അധികമായി നല്‍കും; സില്‍വര്‍ ലൈന്‍ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു

 | 
KRail

സില്‍വര്‍ലൈന്‍ അതിവേഗ റെയില്‍ പദ്ധതിയുടെ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. താമസസ്ഥലം നഷ്ടമാകുന്നവര്‍ക്ക് ഭൂമിയുടെ വിപണിവിലയുടെ ഇരട്ടി തുക നഷ്ടപരിഹാരമായി നല്‍കും. ഇതുകൂടാതെ അധിക തുകയായി 4.6 ലക്ഷം രൂപ കൂടി നല്‍കുമെന്നാണ് പാക്കേജിലെ പ്രഖ്യാപനം. അല്ലെങ്കില്‍ നഷ്ടപരിഹാരവും 1.6 ലക്ഷവും ലൈഫ് മാതൃകയിലുള്ള വീടും നല്‍കും.  മുഖ്യമന്ത്രി പിണറായി വിജയനാണ് പാക്കേജ് പ്രഖ്യാപിച്ചത്.

വാസസ്ഥലം നഷ്ടമാകുകയും ഭൂരഹിതരാകുകയും ചെയ്യുന്ന അതി ദരിദ്രരായ കുടുംബങ്ങള്‍ക്ക് പാക്കേജില്‍ മൂന്ന് ഓപ്ഷനുകളാണ് നല്‍കിയിരിക്കുന്നത്. ഒന്ന്, നഷ്ടപരിഹാര തുകയ്ക്ക് പുറമെ അഞ്ച് സെന്റ് ഭൂമിയും ലൈഫ് മാതൃകയില്‍ വീടും. രണ്ട്, നഷ്ടപരിഹാര തുകയ്ക്ക് പുറമേ അഞ്ച് സെന്റ് ഭൂമിയും നാല് ലക്ഷം രൂപയും. മൂന്നാമത്തേത് നഷ്ടപരിഹാര തുകയ്ക്ക് പുറമേ 10 ലക്ഷം രൂപ എന്നിങ്ങനെയാണ് ഓഫറുകള്‍.

കാലിത്തൊഴുത്തുകള്‍ പൊളിച്ചു നീക്കപ്പെടുകയാണെങ്കില്‍ അതിന് 25,000 രൂപ മുതല്‍ 50,000 രൂപവരെ നഷ്ടപരിഹാരം നല്‍കും. വാണിജ്യസ്ഥാപനം നഷ്ടപ്പെടുന്ന ഭൂവുടമകള്‍ക്ക് വിപണി വിലയുടെ ഇരട്ടി വരുന്ന നഷ്ടപരിഹാര തുകയ്ക്ക് പുറമേ 50,000 രൂപകൂടി നല്‍കും. വാടക കെട്ടിടത്തിലെ വാണിജ്യ സ്ഥാപനം നഷ്ടമാകുന്നവര്‍ക്ക് 2 ലക്ഷം രൂപയും പാക്കേജിന്റെ ഭാഗമായി നല്‍കും. വാസസ്ഥലം നഷ്ടമാകുന്ന വാടക താമസക്കാര്‍ക്ക് 30,000 രൂപയും പാക്കേജില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

തൊഴില്‍ നഷ്ടപ്പെടുന്ന സ്വയം തൊഴില്‍ സംരംഭകര്‍, ചെറുകിട കച്ചവടക്കാര്‍, കരകൗശല പണിക്കാര്‍ എന്നിവര്‍ക്ക് 50,000 രൂപ പ്രത്യേക സഹായമായി നല്‍കും. ഒഴിപ്പിക്കപ്പെടുന്ന വാണിജ്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് മാസം 6,000 രൂപ വീതം ആറ് മാസം ലഭിക്കും. പെട്ടിക്കടക്കാര്‍ക്ക് 25,000 രൂപ മുതല്‍ 50,000 രൂപവരെ സഹായമായി നല്‍കും. പുറമ്പോക്ക് ഭൂമിയിലെ താമസക്കാര്‍, അല്ലെങ്കില്‍ കച്ചവടം നടത്തുന്നവര്‍ക്ക് ആ ഭൂമിയിലെ കെട്ടിടങ്ങളുടെ വിലക്ക് പുറമേ 5000 രൂപവീതം ആറ് മാസം നല്‍കുമെന്നും പാക്കേജില്‍ പറയുന്നു.